എൻ.സി.ഇ.ആർ.ടി പുതുതായി പരിഷ്കരിച്ച 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ അയോധ്യായിലെ സുപ്രധാന സംഭവങ്ങൾ ഒഴിവാക്കിയതിൽ അതൃപ്തിയുമായി രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ സത്യേന്ദ്ര ദാസ് മഹാരാജ്. നിർണായക സംഭവങ്ങളുടെ പരാമർശം ഇല്ലാത്തതിനാൽ പാഠപുസ്തകത്തെ "അപൂർണ്ണം" എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 1992 ഡിസംബർ 6 ന് എങ്ങനെയാണ് മൂന്ന് താഴികക്കുടങ്ങൾ നീക്കം ചെയ്തതെന്ന് എൻ.സി.ഇ.ആർ.ടി പരാമർശിക്കുന്നില്ല, അയോധ്യ വിധി പുറപ്പെടുവിച്ച നവംബർ 9, 2019 മുതലുള്ള കാര്യങ്ങളാണ് അവർ വിവരിക്കാൻ തുടങ്ങിയതെന്ന് സത്യേന്ദ്ര ദാസ് മഹാരാജ് വാര്‍ത്ത എജന്‍സിയോട് പറഞ്ഞു. 

അയോധ്യ വിധി പുറപ്പെടുവിച്ചത് മുതലുള്ള കാര്യങ്ങളാണ് അവർ വിവരിക്കാൻ തുടങ്ങിയത്

1949 ഡിസംബർ 22-ന് രാംലല്ല പ്രത്യക്ഷപ്പെട്ടതും പൂജ ആരംഭിച്ചതും എങ്ങനെയെന്ന് എൻ.സി.ഇ.ആർ.ടി പരാമർശിക്കുന്നില്ലെങ്കിൽ, അയോധ്യായുടെ  മുഴുവൻ ചരിത്രത്തെക്കുറിച്ചും ഒരാൾക്ക് എങ്ങനെ ധാരണ ലഭിക്കും? അത് അപൂർണ്ണമാണെന്ന് ഞാൻ കരുതുന്നു. എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ തിരുത്തിയെഴുതുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാബരി മസ്ജിദിനെ ‘മൂന്ന് താഴികക്കുടങ്ങളുള്ള കെട്ടിടം’ എന്ന് പരാമർശിക്കുന്നത് ഉൾപ്പെടെ പല മാറ്റങ്ങളോടെയാണ് പുതിയ പൊളിറ്റിക്കൽ സയൻസ് പുസ്തകം എത്തിയത്. ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട പത്രവാർത്തകളും എൻസിഇആർടി പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാമജന്മഭൂമിയിൽ നിർമിച്ച കെട്ടിടത്തിനകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും കാണാൻ സാധിച്ചിരുന്നുവെന്നും പാഠഭാഗത്തിൽ പറയുന്നു.സുപ്രിംകോടതി വിധിക്ക് ശേഷം വരുത്തിയ മാറ്റങ്ങളാണിതെന്ന് എൻസിആർടി അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് പുസ്തകം പുറത്തിറക്കിയത്. നേരത്തേ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് നാല് പേജുകൾ പുസ്തകത്തിലുണ്ടായിരുന്നു. ഇത് രണ്ട് പേജായി കുറച്ചു.

എന്നാല്‍ കലാപങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ട എന്ന ഉദ്ദേശത്തിലാണ് പേര് വെട്ടിയതെന്നാണ് എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്‌ലാനിയുടെ പ്രതികരണം. പോസിറ്റീവായ തലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും അക്രമാസക്തരായ പൗരന്മാരെയല്ല രാജ്യത്തിന് വേണ്ടതെന്നും സക്‌ലാനിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ENGLISH SUMMARY:

The Chief Priest of Shri Ram Janmabhoomi Temple, Satyendra Das Maharaj, was dissatisfied with the omission of important events of the Ayodhya movement in the newly revised Class 12 Political Science textbook of the NCERT