‘നന്ദിയില്ലാത്തവര്‍’, ‘വഞ്ചിക്കുന്നവര്‍’, ‘രാജ്യദ്രോഹികള്‍’... ലോക്സഭ തിരഞ്ഞെടുപ്പില്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ലല്ലു സിങ് തോറ്റതിന് പിന്നാലെ അയോധ്യയിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് അവിടുത്ത ഹിന്ദു സമൂഹത്തിനും ലഭിച്ച ആക്ഷേപ പേരുകളാണിത്. സംഘപരിവാര്‍ അനുകൂല പ്രൊഫൈലില്‍ നിന്നും വലിയ അധിക്ഷേപമാണ് അയോധ്യയിലെ പൗരന്മാര്‍ക്കെതിരെ ഉയരുന്നത്. ഇനി അയോധ്യയില്‍ പോയി രാമക്ഷേത്രം സന്ദര്‍ശിച്ചാലും അവിടുത്തെ കടകളില്‍ നിന്നും പണം കൊടുത്ത് ഒരു സാധനവും വാങ്ങില്ലെന്നു വരെ ചിലര്‍ ട്വിറ്ററില്‍ കുറിച്ചു. ബിജെപിയെ തോല്‍പിച്ചതിനാണ് ഒരു ജനതയോട് ഈ പക.
രാമനന്ദസാഗറിന്‍റെ രാമായണം സീരിയലില്‍ ലക്ഷ്മണനെ അവതരിപ്പിച്ച സുനില്‍ ലാഹ്രി പറഞ്ഞത് അയോധ്യയിലെ ജനങ്ങള്‍ രാജാവിനെ വഞ്ചിച്ചു എന്നാണ്. ജനവിധിയില്‍ നിരാശ പ്രകടിപ്പിച്ച സുനില്‍, ഈ രാജ്യം ഇനി അയോധ്യയിലെ ജനങ്ങളെ ബഹുമാനത്തോടെ കാണില്ലെന്നും ആക്ഷേപിച്ചു. ബാഹുബലി സിനിമയില്‍ രാജാവായ അമരേന്ദ്ര ബാഹുബലിയെ കൊന്ന കട്ടപ്പയോടും അയോധ്യയിലെ ജനങ്ങളെ അദ്ദേഹം താരതമ്യപ്പെടുത്തി.
ബിജെപി കേന്ദ്രങ്ങളെ ഏറ്റവുമധികം ഞെട്ടിച്ച തോല്‍വികളിലൊന്നായിരുന്നു ഫൈസാബാദിലേത്. സിറ്റിങ് ബിജെപി എംപിയായിരുന്ന ലല്ലു സിങ്ങിനെ 54,567 വോട്ടുകള്‍ക്കാണ് എസ്പി സ്ഥാനാര്‍ഥി അവധേശ് പ്രസാദ് തോല്‍പിച്ചത്. വര്‍ഷങ്ങളായുള്ള സംഘപരിവാര്‍ പ്രോജക്റ്റായിരുന്ന രാമക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠക്ക് പിന്നാലെയാണ് ബിജെപിയുടെ തോല്‍വിയെന്നും ഓര്‍ക്കണം. പ്രാണപ്രതിഷ്ഠ നടന്നിട്ടും ബിജെപിക്ക് എന്തുകൊണ്ട് വോട്ട് വീണില്ല, രാമക്ഷേത്രത്തിനപ്പുറം അയോധ്യയിലെ പൗരന്മാര്‍ ചിന്തിച്ചതെന്താണ്?
രാമക്ഷേത്ര നിര്‍മാണത്തോടൊപ്പം അയോധ്യയിലെ തെരുവുകളും റോഡുകളും വികസിച്ചു. റോഡുകള്‍ ടാറിട്ട് വീതി കൂട്ടി. തെരുവുകളില്‍ ശോഭയോടെ അലങ്കാര വിളക്കുകള്‍ നിറഞ്ഞു. രാമക്ഷേത്രവും അവിടേക്കുള്ള വഴികളും അന്താരാഷ്ട്ര നിലവാരമുള്ളതായി. കൂടാരത്തില്‍ നിന്നും സ്വഗൃഹത്തിലേക്ക് രാമന്‍ മടങ്ങിയതിന്‍റെ ആഘോഷങ്ങളിരമ്പുമ്പോള്‍ അയോധ്യയിലെ നൂറുകണക്കിന് പൗരന്മാര്‍ക്ക് വീടില്ലാതാവുകയായിരുന്നു. റോഡ് വികസനത്തിന്‍റെ ഭാഗമായി ഭൂമിയും കച്ചവടസ്ഥാപനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ആവശ്യത്തിന് നഷ്ടപരിഹാരം ലഭിച്ചില്ല. വര്‍ഷങ്ങളായി വസിച്ചിരുന്ന വീട്ടില്‍ നിന്നും ജനങ്ങള്‍ക്ക് ഇറങ്ങേണ്ടി വന്നു. അനധികൃതമെന്ന് ആരോപിച്ചാണ് ചില വീടുകള്‍ തകര്‍ക്കപ്പെട്ടത്. എന്നാല്‍ തങ്ങള്‍ അനധികൃതമായാണ് താമസിച്ചതെങ്കില്‍ എങ്ങനെയാണ് ഇത്രയും നാള്‍ നികുതി അടച്ചത് എന്ന ഇവരുടെ ചോദ്യത്തിന് ഉത്തരവുമില്ല.
വീടുകളും കടകളും മാത്രമല്ല, ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടു. രാമക്ഷേത്രത്തിലേക്കുള്ള വഴിയുടെ വികസനത്തിനായി രണ്ട് കിലോമീറ്റര്‍ പരിധിയിലുള്ള ക്ഷേത്രങ്ങള്‍ പൊളിച്ചുമാറ്റപ്പെട്ടു. കര്‍ഷകര്‍ക്ക് ഭൂമി നഷ്ടപ്പെട്ടു. കൃഷിക്കായി ലോണ്‍ എടുത്ത കര്‍ഷകരുടെ ഭൂമിയാണ് റോഡ് വികസനത്തിനായി അവരില്‍ നിന്നും തട്ടിയെടുക്കപ്പെട്ടത്.
ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ കൃഷി ചെയ്യുന്ന നസൂല്‍ എന്ന് വിളിക്കുന്ന ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായി. നഷ്ടപരിഹാരം നല്‍കില്ല എന്ന കരാറോടെ കര്‍ഷകര്‍ക്ക് ദീര്‍ഘകാലാവധിയിലോ പാട്ടത്തിനോ നല്‍കുന്ന ഭൂമിയാണ് നസൂല്‍. 2011ല്‍ ഈ ഭൂമി കര്‍ഷകര്‍ക്ക് വാങ്ങാനുള്ള നിയമം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. 1998 ഡിസംബര്‍ 1 മുതല്‍ നസൂല്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നവര്‍ക്കായിരുന്നു സര്‍ക്കാരില്‍ നിന്നും നിശ്ചിതനിരക്കിന് ഭൂമി വാങ്ങുന്നതിനുള്ള അനുമതി കൊടുത്തത്. എന്നാല്‍ അയോധ്യകേസ് വിധി വന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആയിരക്കണക്കിന് നസൂല്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ നസൂല്‍ ഭൂമിയില്‍ കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമി നഷ്ടമായി.
രാമക്ഷേത്ര ഘോഷത്തിനിടെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനായില്ല. സാധാരണക്കാരന്‍റെ രോഷം ഫൈസാബാദിലെ തോല്‍വിയില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മോദിയുടെ പ്രസംഗം ഉള്‍പ്പെടെയുള്ള ധ്രൂവികരണ ശ്രമങ്ങളും അടിസ്ഥാനപരമായ പ്രശ്നങ്ങളെ അവഗണിച്ചതും ബിജെപിക്ക് തിരിച്ചടിയായി. സംവരണമില്ലാത്ത സീറ്റില്‍ ദലിത് സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ധൈര്യവും എസ്പി കാണിച്ചു. ബിജെപിക്കെതിരായ തിരിച്ചടികള്‍ക്കിടയില്‍ അഖിലേഷ് യാദവ് കളമറിഞ്ഞ് കളിച്ചതും ഫൈസാബാദിലെ ബിജെപിയുടെ പതനം പൂര്‍ത്തിയാക്കി.
രാമക്ഷേത്രം തകര്‍ക്കാന്‍ വരെ കോണ്‍ഗ്രസ് വന്നാല്‍ തുനിയുമെന്ന വിദ്വേഷവാക്കിന് മുന്നില്‍ പോലും ആ ജനത വീണില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ അവഗണിച്ച് മതത്തിനും ജാതിക്കും പിന്നാലെ പോയ രാഷ്ട്രീയത്തിനാണ് അവിടെ മുഖത്തടിയേറ്റത്. അതുകൊണ്ടുതന്നെ അയോധ്യാ ജനവിധിക്ക് ചരിത്രപ്രാധാന്യമുണ്ട്. ആ ജനതയ്ക്കെതിരെ തുടരുന്ന ആക്ഷേപവാക്കുകള്‍ മതേതര, ജനാധിപത്യ ഇന്ത്യ ഒറ്റക്കെട്ടായി തള്ളിക്കളയുക തന്നെ ചെയ്യും, ഉറപ്പ്.