വയനാട്ടില്‍ ഒരു വനിതയെ സ്ഥാനാർഥിയാക്കാൻ യുഡിഎഫ് തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് ആനി രാജ. താന്‍ വീണ്ടും മല്‍സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കും. സിപിഐ ജനറല്‍ സെക്രട്ടറിയുടെ ഭാര്യയായതുകൊണ്ടല്ല താന്‍ വയനാട്ടിൽ മത്സരിച്ചത്. താന്‍ നേതാവായിരിക്കുമ്പോഴാണ് ഡി.രാജയുമായി ഒരു കുടുംബമാകാൻ തീരുമാനിച്ചത്. 45 വർഷമായി സിപിഐയിൽ പ്രവർത്തിക്കുന്നു. സ്ത്രീയുടെ കഴിവിനെ അംഗീകരിക്കാൻ ചില പുരുഷന്മാർക്ക് ഇപ്പോഴും കഴിയുന്നില്ല. വയനാട്ടില്‍ മല്‍സരിച്ചത് കുടുംബാധിപത്യമെന്ന് കെ.സി.വേണുഗോപാലിന്റെ വിമര്‍ശനത്തിനു മറുപടിയായി ആനി രാജ പറഞ്ഞു.
അതേസമയം തന്റെ ആദ്യത്തെ തിരരഞ്ഞെടുപ്പ് പോരാട്ടത്തിനായി വയനാട്ടിലേക്ക് വരുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.