വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയിൽ പ്രതികളായ ഡി.സി.സി പ്രസിഡണ്ട് എൻ.ഡി അപ്പച്ചനേയും കെ.കെ ഗോപിനാഥനേയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കോടതി മുന്‍കൂര്‍ജാമ്യം നല്‍കിയതിനാല്‍ ഇരുവരേയും ജാമ്യത്തില്‍ വിട്ടു. അതേ സമയം വയനാട്ടിലെ സഹകരണ ബാങ്കുകളിലെ നിയമന തട്ടിപ്പിനെ പറ്റി അന്വേഷിക്കാൻ സർക്കാർ ഉത്തരവ് ഇറക്കി. എൻ.എം വിജയന്റെ കുടുംബത്തെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഇന്ന് വൈകിട്ടോടെ സന്ദർശിക്കും.
എൻ. എം വിജയന്റെ ആത്മഹത്യയിൽ രണ്ടും മൂന്നും പ്രതികളായ എൻ. ഡി അപ്പച്ചന്റെയും കെ. കെ ഗോപിനാഥന്റെയും ചോദ്യം ചെയ്യലാണ് ഇന്ന് പൂർത്തിയാവുക. നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും. മൂന്നു ദിവസം രാവിലെ മുതൽ വൈകുന്നേരം വരേ നീളുന്ന തരത്തിലായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ ഒന്നാം പ്രതിയായ ഐ. സി ബാലകൃഷ്ണൻ എം. എൽ. എ നാളെയാണ് ബത്തേരി dysp അബ്ദുൽ ശരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുന്നിലെത്തുന്നത്. മൂന്നു ദിവസം എം. എൽ. എയേയും ചോദ്യം ചെയ്യും.
കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരൻ ഇന്ന് വൈകിട്ടോടെ എൻ എം വിജയന്റെ വീട്ടിലെത്തി കുടുംബത്തെ കാണും. കേസിൽ കെ സുധാകരന്റെ മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം അറിയിച്ചെങ്കിലും തീയതി തീരുമാനിച്ചിട്ടില്ല. അതിനിടെ വയനാട്ടിലെ സഹകരണ ബാങ്കുകളിലെ നിയമന തട്ടിപ്പിനെ പറ്റി അന്വേഷിക്കാൻ സർക്കാർ ഉത്തരവിറക്കി. ബത്തേരി അസിസ്റ്റൻറ് രജിസ്റ്റാർ കെ.കെ ജമാലിനെ ചുമതലയേൽപ്പിച്ചാണ് 66 ആം വകുപ്പ് പ്രകാരമുള്ള അന്വേഷണത്തിനു ഉത്തരവിട്ടത്. ജില്ലയിലെ 4 സഹകരണ ബാങ്കുകളിൽ വൻതോതിൽ നിയമന തട്ടിപ്പ് നടന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ നടപടി. 2012 മുതലുള്ള നിയമനങ്ങൾ സംഘം പരിശോധിക്കും.