മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഒരാഴ്ച തികയുമ്പോള്‍ നേരിടുന്നത് അപ്രതീക്ഷിത വെല്ലുവിളികള്‍. ബംഗാള്‍ ട്രെയിന്‍ അപകടവും നീറ്റ് പരീക്ഷാ വിവാദവും പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരായ ശക്തമായ ആയുധമായി. ജമ്മു കശ്മീരില്‍ വര്‍ധിച്ചുവരുന്ന ഭീകരാക്രമണവും കേന്ദ്രത്തിന് തലവേദനയാണ്.                              പാര്‍ലമെന്റ് സമ്മേളനം സമ്മേളനം തുടങ്ങാനിരിക്കെ ഒന്നിനു പിറകെ ഒന്നായി പരീക്ഷണങ്ങള്‍ നേരിടുകയാണ് മൂന്നാം മോദി സര്‍ക്കാര്‍. അതില്‍ ഏറ്റവുംഒടുവിലത്തേതാണ് ഇന്നലെ ബംഗാളിലുണ്ടായ ട്രെയിന്‍ അപകടം.

റെയില്‍വെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇതിനോടകം പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒഡീഷയിലെ ബാലസോറിലും ബിഹാറിലെ ബക്സറിലും ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായിട്ടും സുരക്ഷ വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അന്നും അശ്വിനി വൈഷ്ണവ് തന്നെയായിരുന്നു റെയില്‍വെ മന്ത്രി. നീറ്റ് പരീക്ഷാ ക്രമക്കേടാണ് കേന്ദ്രത്തെ പിടിച്ചുലയ്ക്കുന്ന അടുത്ത വിവാദം. 

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് 1563 വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതും ഇതില്‍ 67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും കിട്ടിയതും അഴിമതിയാണെന്ന് ആരോപണമുയര്‍ന്നു. വിവാദം  സുപ്രീംകോടതി കയറിയതോടെ  ഗ്രേസ് മാര്‍ക്ക് റദ്ദാക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. അതിനു പിന്നാലെ നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായും പരാതി ഉയര്‍ന്നു. 13 പേരെ ബിഹാര്‍ പൊലീസ് അറസ്റ്റ്ചെയ്തതോടെ അതുവരെ ക്രമക്കേടുകളില്ലെന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രി പ്രതിരോധത്തിലായി.

 പരീക്ഷ റദ്ദാക്കണമെന്നും സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം,. ജമ്മു കശ്മീരില്‍ ഭീകരവാദം കുറഞ്ഞുവെന്ന കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് ഭീകരാക്രമണങ്ങളാണ് നടന്നത്.  ജൂണ്‍ ഒന്‍പതിന് റിയാസിയില്‍ തീര്‍ഥാടകരുടെ വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ജൂണ്‍ 11ന് രാഷ്ട്രീയ റൈഫിള്‍സിന്റെ ചെക്ക് പോസ്റ്റിന് നേരെയും തൊട്ടടുത്ത ദിവസം ദോഡ ജില്ലയില്‍ പട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്കുനേരെയും ആക്രമണമുണ്ടായി. ഇന്നലെ ബന്ദിപ്പോരയില്‍ കരസേനാംഗങ്ങള്‍ക്കുനേരെയും ഭീകരര്‍ വെടിയുതിര്‍ത്തു. ഈ വര്‍ഷം നടക്കേണ്ട ജമ്മു കശ്മീമീര്‍ നിയമസഭ തിരഞ്ഞെടുപ്പും ഇതോടെ ഭീതിയുടെ നിഴലിലാണ്. പാര്‍ലമെന്ര് സമ്മേളനം തുടങ്ങാനിരിക്കെ ഇതെല്ലാം സര്‍ക്കാരിനെതിരെ ശക്തമായ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.              

ENGLISH SUMMARY:

Unexpected Challenges Faced by the Third Modi Government