നീറ്റ്, നെറ്റ് ക്രമക്കേടുകളില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. തട്ടിപ്പിന്‍റെ പ്രഭവകേന്ദ്രം ബിജെപി ലബോറട്ടികളാണ്. കുറ്റക്കാരെ ശിക്ഷിക്കണം, വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കും. വിദ്യാഭ്യാസമേഖലയെ ഒരു സംഘടന കൈക്കലാക്കി. മാറ്റത്തിനായി സര്‍ക്കാരില്‍ സമ്മര്‍ദം തുടരും. യോഗ്യതയല്ല, പ്രത്യയശാസ്ത്രം നോക്കി ജോലി നല്‍കിയാല്‍ ഇങ്ങനെ സംഭവിക്കും. ഇത് തുടരാന്‍ പ്രതിപക്ഷം അനുവദിക്കില്ല, നിലവില്‍ പ്രതിപക്ഷം ശക്തം. യുക്രെയ്ന്‍, ഗാസ യുദ്ധങ്ങള്‍ അവസാനിപ്പിച്ച മോദിക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ച തയാനാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി.
അതേസമയം, നീറ്റ് വിവാദത്തിൽ ഡൽഹിയിൽ വലിയ പ്രതിഷേധവുമായി ഇടതുവിദ്യാർഥി സംഘടനകൾ രംഗത്തെത്തി. എന്‍ടിഎ നിരോധിക്കണം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനകൾ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
അതിനിടെ, ബീഹാറിൽ അറസ്റ്റിലായ 4 വിദ്യാർഥികൾ പരീക്ഷാ തലേന്ന് ചോദ്യപേപ്പർ കിട്ടിയതായി സ്ഥിരീകരിച്ചു. നീറ്റിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായിട്ടില്ലെന്ന് എന്‍ടിഎ ആവർത്തിക്കുകയും വിദ്യാഭ്യാസ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുകയും ചെയ്തതിന് പിന്നാലെയാണ് ബീഹാറിൽ നാലു വിദ്യാർത്ഥികൾ കൂടി അറസ്റ്റിൽ ആയത്. പരീക്ഷയുടെ തലേന്ന് ചോദ്യപേപ്പർ ലഭിച്ചിരുന്നു എന്ന് ഈ വിദ്യാർത്ഥികൾ സമ്മതിച്ചു. കേസിൽ അറസ്റ്റിലായവർ 17 ആയി. പൊലീസ് റിപ്പോർട്ടു ലഭിച്ചശേഷം ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നത്. വിഷയമേറ്റെടുത്ത പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും നീറ്റ് പരീക്ഷാർത്ഥികളും ആയി കൂടിക്കാഴ്ച നടത്തും.
എന്‍ടിഎയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും പരീക്ഷകളുടെ വിശ്വാസ്വത ഉറപ്പാക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. നെറ്റ് പരീക്ഷ റദ്ദാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും ബിജെപി ഭരണത്തിൽ പരീക്ഷ മാഫിയ തുടരുകയാണെന്നും സമാജവാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. എന്‍എസ്‌യു, വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാന്‍റെ വീടിനു മുന്നിൽ പ്രതിഷേധിച്ചു.