chidambram-tweet-modi

ജനം വോട്ട് ചെയ്തത് ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാനാണെന്ന്, മോദിക്ക് മറുപടിയുമായി പി ചിദംബരം. ഇന്ത്യ എന്നും ജനാധിപത്യ, മതേതര രാജ്യമായി നിലനില്‍ക്കുമെന്നും പി.ചിദംബരം എക്സില്‍ കുറിച്ചു.

അടിയന്തരാവസ്ഥ നടപ്പാക്കിയവര്‍ക്ക് ഭരണഘടനയെ കുറിച്ച് പറയാന്‍ അവകാശമില്ലെന്നും ജനങ്ങൾ ഇത് മനസ്സിലാക്കി കോൺഗ്രസിനെ തള്ളിയതാണെന്നും പ്രധാനമന്ത്രി. ഇനിയൊരു അടിയന്തരാവസ്ഥ ഇല്ലാതിരിക്കാനാണ് ജനം ബിജെപിക്കെതിരെ ഇക്കുറി വോട്ടുചെയ്തതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. 

അടിയന്തരാവസ്ഥ ഉയർത്തി  കോൺഗ്രസിനെ കടന്നാക്രമിക്കുന്നത് തുടരുകയാണ് പ്രധാനമന്ത്രിയും ബിജെപിയും ' കോൺഗ്രസ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ അട്ടിമറിച്ചവരാണ്. ഭരണഘടനയെ ചവിട്ടിമെതിച്ചു. ഭരണഘടനയോടുള്ള അവഹേളനം സ്വയം താല്പര്യത്തിനായി മറച്ചുവെക്കുകയാണ്. ഇന്ത്യയിലെ ജനങ്ങൾ കോൺഗ്രസിന്റെ കോമാളിത്തരം കണ്ട് അവരെ തള്ളിക്കളയുന്നുവെന്നും നരേന്ദ്രമോദി കടന്നാക്രമിച്ചു. മൗലികാവകാശങ്ങളെ  പരിമിതപ്പെടുത്തിയവരും ഭരണഘടനയെ നശിപ്പിക്കാൻ നോക്കിയവരും ആണ് കോൺഗ്രസുകാർ എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമർശിച്ചു. ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങൾ എന്ന പേരിൽ ഇന്നേദിവസം പ്രത്യേക പരിപാടികളും ബിജെപി നടത്തുന്നുണ്ട്.

അതേസമയം ഭരണഘടന ഉയർത്തി മോദിക്കും ബിജെയപിക്കും മറുപടി നൽകുന്നത് തുടരുകയാണ് കോൺഗ്രസ്. ജനങ്ങൾ ബിജെപിക്കെതിരായി വോട്ട് ചെയ്തത് ഇനിയൊരു അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാനാണെന്നും ഇന്ത്യ എന്നും ഒരു ജനാധിപത്യ, ലിബറൽ, മതേതര രാജ്യമായി നിലനിൽക്കും എന്നും ചിദംബരം എക്സിലുടെ  മറുപടി നൽകി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്തിൻറെ ജനാധിപത്യ പാരമ്പര്യത്തിന് കളങ്കമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അനിയന്ത്രിതമായ അധികാരങ്ങൾ നൽകിയിരുന്നു.