സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ അപൂര്‍വമായാണ് സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മല്‍സരം നടന്നത്.  ജയം എപ്പോഴും ഭരണപക്ഷത്തിനായിരുന്നു. 1952 ല്‍ ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരിക്കെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ആദ്യമായി മല്‍സരം നടന്നത്. അന്ന് ഭരണപക്ഷം ഉയര്‍ത്തിക്കാട്ടിയത് സ്വാതന്ത്ര്യസമര സേനാനി കൂടിയായ ജി.വി.മവലങ്കാറിനെ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെ എതിര്‍പക്ഷം ശങ്കര്‍ ശാന്താറാമിനെ രംഗത്തിറക്കി. എ.കെ.ഗോപാലനാണ് പേര് നിര്‍ദേശിച്ചത്. പിന്താങ്ങിയത് അന്ന് മാവേലിക്കര എം.പിയായിരുന്ന എന്‍.എസ്. നായരും. ജയം മവലങ്കാറിന് ഒപ്പം നിന്നു. 

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1976 ലും വോട്ടെടുപ്പ് നടന്നു. കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.ഭഗത്തിനെ ഭരണപക്ഷം നിര്‍ത്തിയപ്പോള്‍ ജനസംഘം നേതാവ് ജഗന്നാഥ് റാവു ജോഷിയായിരുന്നു പ്രതിപക്ഷ സ്ഥാനാര്‍ഥി. ഇവിടെയും ജയിച്ചത് ഭരണപക്ഷം.  1967 ലും 98 ലും പ്രതിപക്ഷം മല്‍സരത്തിനിറങ്ങിയിരുന്നു. പക്ഷേ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.  നാളെ ലോക്സഭയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കാനാണ് സാധ്യത. ഭരണപക്ഷത്തിന് കേവല ഭൂരിപക്ഷം ഉള്ളതിനാല്‍ ഓംബിര്‍ലയുടെ ജയം ഉറപ്പാണ്. എന്നാല്‍ ജയപരാജയങ്ങള്‍ക്കപ്പുറം ഭരണപക്ഷത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തുക എന്നതാണ് മല്‍സരത്തിലൂടെ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും ലക്ഷ്യമിടുന്നത്.

ENGLISH SUMMARY:

In the history of independent India, it has been rare for there to be a contest for the position of Speaker