പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ലയെ തിരഞ്ഞെടുത്തു. ബിര്‍ലയെ സ്പീക്കറാക്കണമെന്ന് ആവശ്യപ്പെട്ടുള്ള 13 പ്രമേയങ്ങളില്‍ ആദ്യത്തേത് പ്രധാനമന്ത്രിയാണ് അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയാണ് പ്രമേയം അംഗീകരിച്ചത്. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് സഭയിലേക്ക് ആനയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലേത് പോലെ സഭയെ നയിക്കാനാവട്ടെ എന്നായിരുന്നു മോദിയുടെ ആശംസ.
പ്രതിപക്ഷത്തിന്‍റെ സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിന്‍റെ കൊടിക്കുന്നില്‍ സുരേഷിനായി മൂന്ന് പ്രമേയങ്ങളും സഭയില്‍ അവതരിപ്പിച്ചു. ഡപ്യൂട്ടി സ്പീക്കര്‍ പദവിയുടെ കാര്യത്തില്‍ ഭരണപക്ഷം ഉറപ്പ് നല്‍കാതിരുന്നതോടെയാണ് സ്പീക്കര്‍ പദവിയില്‍ വോട്ടെടുപ്പ് വേണ്ടിവന്നത്. സമവായ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഭരണ–പ്രതിപക്ഷങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല.