chandra-babu-naidu-jagan-mohan-reddy

ആന്ധ്രാപ്രദേശിൽ  തെലുങ്ക്ദേശം പാർട്ടിയുമായി ഏറ്റുമുട്ടൽ കനക്കുമ്പൊഴും ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ ഓം ബിർളയ്ക്ക് പിന്തുണ നൽകി വൈഎസ്ആർ കോൺഗ്രസ്.  ലോക്സഭയിൽ നാല് അംഗങ്ങളാണ് ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടിക്കുള്ളത്.  ഇവരുടെ പിന്തുണയില്ലെങ്കിലും  ലോക്സഭയിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷം ഉറപ്പായിരുന്നു.  ജഗൻകൂടി പിന്തുണച്ചതോടെ ആന്ധ്രയിലെ  ഭരണ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയിലാണ് എൻഡിഎ.

ലോക്സഭ  നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടന്ന ആന്ധ്രയിൽ കനത്ത തിരിച്ചടിയാണ് ജഗനും വൈഎസ്ആർ കോൺഗ്രസിനും ഉണ്ടായത്.  25 ലോക്സഭാ സീറ്റുകളുള്ള ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ്  നാലിലേക്ക് ചുരുങ്ങിയപ്പോൾ ചന്ദ്രബാബു നായിഡുവിൻറെ ടിഡിപി 16 സീറ്റിലും ജനസേന– ബിജെപി സഖ്യം അഞ്ച് സീറ്റുകളിലും വിജയിച്ചു.  175 അംഗ നിയമസഭയിൽ 11 സീറ്റിൽ മാത്രമാണ് ഇത്തവണ വൈഎസ്ആർ കോൺഗ്രസ് ജയിച്ചത്. 

ആന്ധ്രാ മന്ത്രിസഭയിലെ ഭരണം പോയതിന് പിന്നാലെ ജഗനെയും പാർട്ടിയെയും ഉന്നമിട്ട്  ചന്ദ്രബാബു നായിഡു   ആരംഭിച്ച പ്രതികാര നടപടികൾ ചർച്ചയാകുന്നതിനിടെയാണ്  ജഗന്റെ  പാർട്ടി  എൻഡിഎയ്ക്ക് പിന്തുണ നൽകിയത്. ഗുണ്ടൂർ ജില്ലയിൽ വൈഎസ്ആർ കോൺഗ്രസിന്റെ നിർമാണത്തിലിരിക്കുന്ന ആസ്ഥാനം തകർത്ത‌താണ് പ്രതികാര നടപടികളിൽ അവസാനത്തേത്.  ഈ നടപടി ന്യായീകരിച്ച സർക്കാർ ജലസേചന വകുപ്പിന്റെ  ഭൂമിയിലായിരുന്നു അനധികൃത കെട്ടിടനിർമാണമെന്ന് വ്യക്തമാക്കി.  ജഗനെതിരെ അന്വേഷണം പ്രഖ്യാപിച്ചതും വൈഎസ്ആർ കോൺഗ്രസനോട് അടുത്തു നിൽക്കുന്ന പ്രമുഖ വാർത്താ ചാനലുകളുടെ സംപ്രേഷണം കേബിൾ ടിവി ഓപ്പറേറ്റർമാർ അവസാനിപ്പിച്ചതിലും  ഭരണകക്ഷിക്ക് പങ്കുണ്ടെന്നാണ്  പാർട്ടി ആക്ഷേപം. നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനം അടക്കം നഷ്ടപ്പെട്ട ജഗൻ സ്പീക്കറെ കണ്ടെങ്കിലും രൂക്ഷവിമർശനനമാണ് സർക്കാറിൻറെ ഭാഗത്ത് നിന്നും ഉണ്ടായത്. 

ജഗൻറെ മനസിലെന്ത്?

240 ബിജെപി അംഗങ്ങളും 53 സഖ്യകക്ഷി അംഗങ്ങളും മടങ്ങുന്ന എൻഡിഎയ്ക്ക് ലോക്സഭയിൽ   വൈഎസ്ആർ കോൺഗ്രസ്  പിന്തുണ തത്വത്തിൽ ആവശ്യമില്ല. എന്നാൽ രാജ്യസഭയിൽ ജഗന്റെ പാർട്ടിയ്ക്കുള്ള  11അംഗങ്ങൾ നിർണായകമാവുകയും ചെയ്യും.  ഈ സാഹചര്യത്തിൽ തെലുങ്കുദേശത്തിന് ലഭിക്കുന്ന പരിഗണന വൈഎസ്ആർ കോൺഗ്രസ് എൻഡിഎയിൽ അർഹിക്കുന്നുണ്ടെന്നാണ് ജഗന്റെ പക്ഷം.

തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വൈഎസ്ആർ കോൺഗ്രസിനെ അവഗിണിക്കേണ്ടതില്ലെന്നും  വിഷയാടിസ്ഥാനത്തിലുള്ള നിലപാട്  പാർലമെൻറിൽ പാർട്ടി സ്വീകരിക്കുമെന്നുണ് ജഗന്റെ നിലപാട് .  രാജ്യത്തിൻറെയും ആന്ധ്രയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നവർക്കാണ് പാർലമെൻറിൽ പിന്തുണയെന്ന് ഈയിടെ പാർലമെൻറംഗങ്ങളുടെ യോഗ ശേഷം ജഗൻ വ്യക്തമാക്കിയിരുന്നു

അതേസമയം ബിജെപിനേതൃത്വത്തോട് ജഗനുള്ള അടുപ്പവും എടുത്തുപറയേണ്ടതാണ്.  ഘടകകക്ഷി അല്ലാതിരുന്നിട്ടും പാർലമെൻറിൽ എന്നും ബിജെപിക്ക് പിന്തുണ നൽകിയിരുന്നതാണ് വൈഎസ്ആർ കോൺഗ്രസിൻറെ ചരിത്രം. രാജ്യസഭയിൽ നിർണായകമായ പല ബില്ലുകളും പാസാക്കാൻ രണ്ടാം മോദിസർക്കാരിന് കഴിഞ്ഞത് വൈഎസ്ആർ കോൺഗ്രസ് പിന്തുണകൊണ്ടാണ്.  പൗരത്വ നിയമ ഭേദഗതി,  കശ്മീരന്റെ പ്രത്യേക പദവി റദ്ദാക്കൽ തുടങ്ങിയ തീരുമാനങ്ങളിൽ പ്രതിപക്ഷ വെല്ലുവിളികൾ  ഘട്ടങ്ങൾ എൻഡിഎ മറികടന്നത് വൈഎസ്ആർ കോൺഗ്രസിൻറെ പിന്തുണയിലായിരുന്നു.

ENGLISH SUMMARY:

Jagan Mohan Reddy Support NDA In Loksabha Speaker Election