രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറും തമ്മില്‍ അസാധാരണ വാക്പോര്. സഭാധ്യക്ഷൻ വർണ വ്യവസ്ഥ കൊണ്ട് വരാൻ ശ്രമിക്കുകയാണെന്ന് ഖര്‍ഗെ ആരോപിച്ചു. ഇത്തരം പെരുമാറ്റം ചരിത്രത്തില്‍ ആദ്യമെന്ന് ധന്‍കറും തിരിച്ചടിച്ചു.
കോണ്‍ഗ്രസ് അംഗം പ്രമോദ് തിവാരി സംസാരിക്കുന്നതിനിടെയാണ് രാജ്യസഭയില്‍ അസാധാരണ പരാമര്‍ശങ്ങള്‍ ഉണ്ടായത്. സുഹൃത്തുക്കള്‍ക്കുവേണ്ടിയാണ് പ്രധാനമന്ത്രി ഇന്ധന വില വര്‍ധിപ്പിച്ചതെന്ന് തിവാരി പറഞ്ഞപ്പോള്‍ ജഗ്ദീപ് ധന്‍കര്‍ ഇടപെട്ടു. വസ്തുതകളുടെ അടിസ്ഥാനത്തിലാവണം പ്രസംഗമെന്നും അല്ലാത്ത പരാമര്‍ശങ്ങള്‍ രേഖയിലുണ്ടാവില്ലെന്നും ധന്‍കര്‍. ഇതോടെ ജയ്റാം രമേശ് എതിര്‍പ്പുമായി എഴുന്നേറ്റു.
പ്രതിപക്ഷ നേതാവിന്‍റെ ജോലിയാണ് ജയ്റാം രമേശ് ചെയ്യുന്നതെന്നും അതനാല്‍ ഖര്‍ഗെയ്ക്കു പകരം ജയ്റാം രമേശ് ആ പദവി ഏറ്റെടുക്കണമെന്നും ധന്‍കര്‍. പിന്നാലെ ഖര്‍ഗെ സഭാധ്യക്ഷനെതിരെ രംഗ്ത്തെത്തി. ജഗ്ദീപ് ധന്‍കറുടെ മനസില്‍ ജാതി ചിന്തയാണെന്നും വര്‍ണാശ്രമ വ്യവസ്ഥ കൊണ്ടുവരാനാണ് ശ്രമമെന്നും അതിനാലാണ് തന്‍റെ സ്ഥാനത്ത് ജയ്റാം രമേശ് വരണമെന്ന് പറയുന്നതെന്നും ഖര്‍ഗെ ആരോപിച്ചു.
ഇതോടെ ജഗ്ദീപ് ധന്‍കര്‍ പൊട്ടിത്തെറിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് പ്രതിപക്ഷ നേതാവില്‍ നിന്ന് ഇത്തരമൊരു പെരുമാറ്റം. സഭാധ്യക്ഷന്‍റെ കസേരയെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ധന്‍കര്‍ പ്രതികരിച്ചു.