Hemant-Soren

കള്ളപ്പണക്കേസില്‍ ജാമ്യം ലഭിച്ച ഹേമന്ത് സോറന്‍ വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകും. നിലവിലെ മുഖ്യമന്ത്രി ചംബൈ സോറന്‍ ഇന്ന് തന്നെ രാജിവയ്ക്കുമെന്നാണ് സൂചന. അതേസമയം ചംബൈ സോറന് തീരുമാനത്തില്‍ അതൃപ്തിയുണ്ടെന്നാണ് വിവരം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ഹേമന്ത് സോറന് കള്ളപ്പണക്കേസില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം അനുവദിച്ചത്. ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഹേമന്ത് സോറന്‍ ഉടന്‍ മുഖ്യമന്ത്രിയായി തിരികെയെത്തണമെന്ന് മുഖ്യമന്ത്രി ചംബൈ സോറന്‍റെ വീട്ടില്‍ ചേര്‍ന്ന നിയമസഭ കക്ഷിയോഗത്തില്‍ തീരുമാനിച്ചു. ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നീ പാര്‍ട്ടികളിലെ എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. 81 അംഗ സഭയില്‍ മഹാസഖ്യത്തിന് 47 എംഎല്‍എമാരുണ്ട്. 

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുന്നതില്‍ ചംബൈ സോറന് അതൃപ്തിയുണ്ടെന്നാണ് വിവരം. എന്നാല്‍ എംഎല്‍എമാരുടെ പിന്തുണ ഹേമന്ത് സോറനായതോടെ അതൃപ്തി പരസ്യമാക്കാന്‍ ചംബൈ സോറനാകില്ല. പാര്‍ട്ടിയുടെ എക്സ്ക്യൂട്ടിവ് പ്രസിഡന്റ് സ്ഥാനം ചംബൈ സോറന് നല്‍കി അതൃപ്തി തണുപ്പിക്കാന്‍ ശ്രമമുണ്ടെന്നാണ് സൂചന. ചംബൈ സോറന്‍റെ കാലം അവസാനിച്ചെന്നും ഇനി വീണ്ടും കുടുംബഭരണമെന്നും ബിജെപി തീരുമാനത്തെ വിമര്‍ശിച്ചു. 

ഭൂമി തട്ടിപ്പുകേസില്‍ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഉറപ്പായതോടെ ഹേമന്ത് സോറന്‍ രാജിവച്ചു. കള്ളപ്പണം വെളുപ്പിച്ചതായി തെളിവില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. നവംബറിലാണ് ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ്. ജാമ്യം ലഭിച്ചുള്ള സോറന്‍റെ തിരിച്ചുവരവും വീണ്ടും മുഖ്യമന്ത്രിയാകുന്നതും തിരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്നാണ് സഖ്യസര്‍ക്കാരിന്‍റെ പ്രതീക്ഷ 

ENGLISH SUMMARY:

Hemant Soren to return as Jharkhand Chief Minister, Champai Soren to quit