Mahua Moitra

TOPICS COVERED

തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്കെതിരെ ദേശീയ വനിത കമ്മിഷന്‍ കേസെടുത്തു. കമ്മിഷന്‍ അധ്യക്ഷയ്ക്കെതിരായ പരാമര്‍ശത്തിലാണ് സ്വമേധയാ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് മഹുവ നടത്തിയതെന്ന് കമ്മിഷന്‍ വിലയിരുത്തി. ഹാത്രസിലെത്തിയ രേഖ ശര്‍മ്മയ്ക്ക് ഒരാള്‍ കുട പിടിച്ചുകൊടുത്തതിനെ വിമര്‍ശിച്ചിരുന്നു. ബോസിന്‍റെ വസ്ത്രം താങ്ങി നടക്കുന്ന തിരക്കിലാണ് രേഖയെന്ന് എക്സിലും കമന്‍റിട്ടു. 

അതേസമയം, പരാതിയില്‍ അടിയന്തരമായി നടപടിയെടുക്കാന്‍ ഡല്‍ഹി പൊലീസിെന മഹുവ മൊയ്ത്ര വെല്ലുവിളിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ ബംഗാളിലെ നാദിയയില്‍ ഉണ്ടാകുമെന്നും പറഞ്ഞു. 

ഹാത്രസ് സന്ദര്‍ശിക്കാന്‍ പോയപ്പോഴായിരുന്നു ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയ്ക്ക് ഒരാള്‍ കുട പിടിച്ചുകൊടുത്തത്. രേഖ ശര്‍മ എന്തുകൊണ്ട് സ്വന്തമായി കുട പിടിച്ചില്ലെന്ന് ദൃശ്യങ്ങള്‍ പങ്കുവച്ച് ആദ്യം ചോദ്യമുന്നയിച്ചത് ഒരു മാധ്യമപ്രവര്‍ത്തകയാണ്. പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര രേഖ ശര്‍മയ്ക്കെതിരെ രംഗത്തുവരികയായിരുന്നു. ഇതോടെ താന്‍ ആരോടും കുട പിടിച്ചുതരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് രേഖ ശര്‍മ വിശദീകരിച്ചു. കൂടുതല്‍ സമയവും കുടയ്ക്ക് പുറത്തായിരുന്നുവെന്നും രേഖ ശര്‍മ സമൂഹമാധ്യമത്തില്‍ കുറിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്കടക്കം സഹായികള്‍ കുട പിടിച്ചുകൊടുക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ മാധ്യമപ്രവര്‍ത്തകയുടെ പോസ്റ്റിന് മറുപടിയായി‌ പലരും പോസ്റ്റ് ചെയ്യുന്നുണ്ട്.

ENGLISH SUMMARY:

NCW seeks FIR against Mahua Moitra for her 'crude' remarks against Rekha Sharma