അക്രമം ആരംഭിച്ചതിന് ശേഷം മണിപ്പൂരിൽ രാഹുൽ ​ഗാന്ധി നടത്തുന്ന മൂന്നാമത്തെ സന്ദർശനമാണിതെന്നും, എന്നാൽ ഒരു തവണ പോലും ഇവിടം സന്ദർശിക്കണമെന്ന് പ്രധാനമന്ത്രി മോദിക്ക് തോന്നിയില്ലെന്നും കെസി വേണു​ഗോപാൽ.  കലാപം മണിപ്പൂരിലെ ജനങ്ങളിലുണ്ടാക്കുന്നത് ജീവിക്കാനാവാത്ത അവസ്ഥയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

മണിപ്പൂരിലെ ജനങ്ങൾക്ക് ഒരു സാന്ത്വന സ്പർശം ആവശ്യമാണ്. അത് രാഹുൽ ഗാന്ധിക്ക് നന്നായി അറിയാം.  മണിപ്പൂരിൻ്റെ താഴ്‌വരയും കുന്നുകളും ഇന്നും സാധാരണ നിലയിലേക്ക് ആവുന്നതിന്റെ ഒരു ലക്ഷണവും കാണുന്നില്ല. ആഭ്യന്തരയുദ്ധം മണിപ്പൂരിലെ ജനങ്ങളിലുണ്ടാക്കുന്നത് ജീവിക്കാനാവാത്ത അവസ്ഥയാണ്. ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുകയാണ്. 

മേഖലയിൽ സമാധാനം കൊണ്ടുവരാൻ രാഹുൽ ​ഗാന്ധിയും മുഴുവൻ പ്രതിപക്ഷവും പ്രതിജ്ഞാബദ്ധരാണ്. ഈ കലാപത്തിൻ്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കണമെന്നും ഇരുപക്ഷത്തിനും യോജിച്ച ഒരു പരിഹാരത്തിലേക്കുള്ള നടപടികൾ കൈക്കൊള്ളണമെന്നും കെസി വേണു​ഗോപാൽ ആവശ്യപ്പെട്ടു. 

ദുരിതാശ്വാസക്യാമ്പുകളിലെത്തിയ രാഹുലിന് മുന്നില്‍ കലാപബാധിതര്‍ ദുരിതം പറഞ്ഞ് പൊട്ടിക്കരഞ്ഞു. സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് ജിരിബാമിലുണ്ടായ വെടിവയ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. അസമിൽ പ്രളയ ദുരിതത്തിലായ വരെയും രാഹുൽ കണ്ടു. രാഹുലിന്റെത് ട്രാജഡി ടൂറിസം ആണെന്നാണ് ബിജെപിയുടെ പരിഹാസം. 

ജിരിബാം , ചുരാചന്ദ്പൂർ,  മൊയ്‌റാംഗ് എന്നിവിടങ്ങളിലെ  ദുരിതാശ്വാസ ക്യാമ്പുകളാണ് രാഹുൽ  സന്ദർശിക്കുന്നത്. പ്രശ്നപരിഹാരത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.  പ്രധാനമന്ത്രി  റഷ്യ സന്ദർശനം നടത്തുമ്പോൾ രാഹുൽ ഗാന്ധി ദുരിതമനുഭവിക്കുന്നവർക്കിടയിൽ ആണെന്ന് കോൺഗ്രസ് പ്രതികരിച്ചു. 

ENGLISH SUMMARY:

K.C. Venugopal facebook post on Rahul Gandhi's visit to Manipur