അടിയന്തരാവസ്ഥ ഓര്‍മിപ്പിച്ച് എല്ലാവര്‍ഷവും ജൂണ്‍ 25 ഭരണഘടനാ ഹത്യാദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട ഭീകരത നേരിട്ടവരെ അനുസ്മരിക്കാനാണ് ദിനാചരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ചരിത്രത്തില്‍ ജൂണ്‍ നാല്  മോദി മുക്ത ദിവസമായി മാറുമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അസാധാരണ ഗസറ്റിലൂടെയാണ് ആഭ്യന്തര മന്ത്രാലയം ജൂണ്‍ 25 ഭരണഘടനാ ഹത്യാദിനമായി പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് അധികാര ദുര്‍വിനിയോഗത്തിന് ഇരയായവരെയും അതിനെതിരെ പോരാടിയവരെയും അനുസ്മരിക്കുന്നതിനും ഭാവിയില്‍ ഇത്തരം അധികാര ദുര്‍വിനിയോഗത്തെ ജനം പിന്തുണക്കില്ലെന്ന് ഉറപ്പിക്കാനുമാണ് ദിനാചരണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഭരണഘടന ഇല്ലാതായപ്പോള്‍ എന്തു സംഭവിച്ചുവെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കാനാണ് ദിനാചരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമത്തില്‍ കുറിച്ചു.  

1975 ജൂണ്‍ 25 ന് അടിയന്തരാവസ്ഥയിലൂടെ ഇന്ദിരാഗാന്ധി ഭരണഘടനയെ ഇല്ലാതാക്കിയെന്ന് അമിത് ഷായും പറഞ്ഞു.  അതേസമയം മോദി ഭരണത്തില്‍ ഭരണഘടന ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും  1949 ല്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞവരുടെ പിന്‍മുറക്കാരനാണ് മോദിയെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന ജൂണ്‍ നാല് ചരിത്രത്തില്‍ മോദി മുക്ത ദിവസമായി മാറുമെന്നും ജയ്റാം രമേശ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസും എ.എ.പിയും അടക്കമുള്ളവരും തീരുമാനത്തെ വിമര്‍ശിച്ചു.  

ENGLISH SUMMARY:

emergency: Centre declares June 25 as 'Samvidhaan Hatya Diwas'