kalamassery-ganjaN

TOPICS COVERED

കളമശ്ശേരി പോളിടെക്നിക് കോളജിലെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയതിൽ കേസ് റജിസ്റ്റർ ചെയ്തതിനെ കുറിച്ച് ആദ്യഘട്ടത്തിൽ പല ആക്ഷേപങ്ങളും ഉയർന്നിരുന്നു. മൂന്നുപേരെ അറസ്റ്റ് ചെയ്ത പൊലീസ് കഞ്ചാവ് പിടിച്ചതിൽ രണ്ട് കേസാണ് റജിസ്റ്റർ ചെയ്തത്. ഇത് കേസിൽ ഉൾപ്പെട്ട എസ്.എഫ്.ഐ നേതാവിനെ സംരക്ഷിക്കാനാണെന്നായിരുന്നു ആക്ഷേപം ഉയർന്നത്. 

കോളജിലെ എസ്.എഫ്.ഐ നേതാവും, യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജിന്റേയും, ഹരിപ്പാട് സ്വദേശി ആദിത്യന്റേയും മുറിയിൽ നിന്ന് 9.7 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഹോസ്റ്റലിന്റെ മുകൾ നിലയിലായിരുന്നു ഇവരുടെ മുറി. താഴത്തെ നിലയിലുള്ള മുറിയിലായിരുന്നു കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശ് താമസിച്ചിരുന്നത്. ഈ മുറിയിൽ നിന്നാണ് 1.909 കിലോ കഞ്ചാവ് പിടിച്ചത്. രണ്ടും രണ്ട് കേസായാണ് പൊലീസ് റജിസ്റ്റർ ചെയ്തത്. പിടികൂടിയ കഞ്ചാവ് ഒരു കിലോയിൽ താഴെയുള്ള അളവിലായതിനാൽ അഭിരാജിനും, ആദിത്യനും സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യം ലഭിച്ചു. അതേസമയം ആകാശിനെ റിമാൻഡ് ചെയ്തു.

Read Also: എസ്എഫ്ഐ പ്രവര്‍ത്തകന്റെ മുറിയില്‍ കഞ്ചാവ്; ജാഗ്രതക്കുറവുണ്ടായെന്നു സംസ്ഥാന സെക്രട്ടറി

അഭിരാജിന് ജാമ്യം ലഭിക്കാൻ വേണ്ടിയാണോ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചപ്പോൾ പൊലീസ് രണ്ട് കേസുകളായി റജിസ്റ്റർ ചെയ്തത് ? ഈ ആക്ഷേപം വസ്തുതാപരമായി ശരിയല്ലെന്ന് പൊലീസ് തന്നെ വ്യക്തമാക്കുന്നു. 

ഒന്നാമതായി, രണ്ട് നിലകളിലെ മുറികളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രണ്ടിലും താമസിക്കുന്നത് വ്യത്യസ്ഥ ആളുകൾ. ഇതാണ് രണ്ട് സ്ഥലത്ത് നിന്നും കഞ്ചാവ് പിടിച്ചത് രണ്ട് കേസായി റജിസ്റ്റർ ചെയ്തത്. രണ്ടും ഒറ്റ കേസായി റജിസ്റ്റർ ചെയ്താൽ അത് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കും. 

ഉദാഹരണമായി, രണ്ട് മുറികളിൽ നിന്നും കഞ്ചാവ് പിടിച്ചത് ഒരൊറ്റ കേസ് ആയി റജിസ്റ്റർ ചെയ്തു എന്ന് കരുതുക. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചാൽ കേസിന്റെ വിചാരണ ആരംഭിക്കും. ആദിത്യനും അഭിരാജും വാദിക്കാൻ പോകുന്നത് തങ്ങളുടെ മുറിയിൽ നിന്നും ഇത്ര വലിയ അളവിൽ കഞ്ചാവ് കണ്ടെടുത്തിട്ടില്ല എന്നായിരിക്കും. തെളിവുകൾ പരിശോധിക്കുമ്പോൾ ഇക്കാര്യം കോടതിക്ക് ബോധ്യപ്പെടുകയും ചെയ്യും. പാട്ടുംപാടി ഇരുവരും കേസിൽ നിന്നും ഊരിപ്പോകും. ഇത്രയേറെ കഞ്ചാവ് തന്റെ മുറിയിൽ നിന്നും കണ്ടെടുത്തിട്ടില്ല എന്ന് ആകാശും വാദിക്കും. സംശയത്തിന്റെ അനുകൂല്യത്തിൽ ആകാശിനും ഊരി പോരാം. അവസാനം കേസ് നടത്തിപ്പിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയെന്ന ആരോപണവും ഉയരും.

ഒറ്റ കേസായി റജിസ്റ്റർ ചെയ്തിരുന്നെങ്കിൽ ഇപ്പോൾ മൂന്നുപേർക്കും ജാമ്യം ലഭിച്ച് പുറത്തുവരുമായിരുന്നു എന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കഞ്ചാവിന്റെ ആകെ അളവിനെ മൂന്നായി വിഭജിക്കേണ്ടിവരും. അങ്ങനെ വരുമ്പോൾ ഒരാളുടെ പേരിൽ ഒരു കിലോയിൽ താഴെയായിരിക്കും രേഖപ്പെടുത്തുക. അത് മൂന്നുപേർക്കും സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യം ലഭിച്ച് പുറത്തുവരാൻ ഇടയാക്കുകയും ചെയ്യും.

അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളിൽ വ്യത്യസ്ഥ കേസുകളുമായി മുന്നോട്ട് പോവുക എന്നതാണ് പൊലീസിന്റെ രീതി. അതേസമയം, റിമാൻഡിലുളള ആകാശിനെതിരായ കേസിൽ നിലവിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ വിദ്യാർഥികൾക്ക് പങ്കുണ്ടെന്ന് വ്യക്തമായാൽ അവരെ പ്രതി ചേർക്കാൻ പൊലീസിന് സാധിക്കും

ENGLISH SUMMARY:

Kalamassery Polytechnic suspends 3 students held with ganja in hostel raid