mallikarjun-kharge

ബജറ്റ് അവഗണനയ്ക്കെതിരെ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. ആന്ധ്രയും ബിഹാറും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഒന്നും ലഭിച്ചില്ലെന്ന് രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.  ബജറ്റ് പ്രസംഗത്തില്‍ എല്ലാ സംസ്ഥാനങ്ങളേയും പേരെടുത്ത് പറയാനാവില്ലെന്ന് ധനമന്ത്രി പ്രതികരിച്ചു. 

ലോക്സഭ ചേര്‍ന്നയുടന്‍ കുര്‍സി ബചാവോ ബജറ്റ് എന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം ബഹളംവച്ചു. ചോദ്യോത്തര വേളയ്ക്കുശേഷം ബജറ്റ് ചര്‍ച്ച ആവാമെന്ന് സ്പീക്കര്‍ അറിയിച്ചതോടെ പ്രതിപക്ഷം അടങ്ങി. രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തി. ഇത്രയും മോശമായ ബജറ്റ് മുന്‍പ് ഉണ്ടായിട്ടില്ലെന്നും അധികാരം സംരക്ഷിക്കാനുള്ള ബജറ്റ് ആണിതെന്നും ഖര്‍ഗെ കുറ്റപ്പെടുത്തി. 

ഓരോ സംസ്ഥാനത്തിന്‍റെയും പേരെടുത്ത് പറയാന്‍ കഴിയില്ലെന്നും അതിനര്‍ഥം അവഗണിച്ചുവെന്നല്ലെന്നും മഹാരാഷ്ട്രയെ ഉദാഹരണമാക്കി നിര്‍മല സീതാരാമന്‍. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ധനമന്ത്രി. 

 

ധനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ പ്രതിപക്ഷാംഗങ്ങള്‍ ശ്രമിച്ചപ്പോള്‍ സഭാധ്യക്ഷന്‍ ഇടപെട്ടു. പ്രതിപക്ഷം രണ്ടുതവണ സഭവിട്ടിറങ്ങുകയും ചെയ്തു. ജമ്മു കശ്മീര്‍ ഭീകരാക്രമണം ഉയര്‍ത്തി കോണ്‍ഗ്രസ് എം.പി പ്രമോദ് തിവാരി സംസാരിച്ചപ്പോള്‍ ഭരണപക്ഷവും പ്രതിഷേധിച്ചു. 

ENGLISH SUMMARY:

Opposition protests against budget neglect