ഭരണമാറ്റം പാകിസ്ഥാനോടുള്ള ബംഗ്ലാദേശിൻറെ നയംമാറ്റത്തിനും കാരണമാകുമെന്ന ആശങ്കയിൽ തികഞ്ഞ ജാഗ്രതയിലാണ് ഇന്ത്യ. പാകിസ്താനിൽ നിന്ന് ബംഗ്ലാദേശ് രൂപീകരിക്കാൻ നേതൃത്വം നൽകിയ മുജീബുർ റഹ്മാൻറെ പൈതൃകത്തിനെതിരെ ഉയരുന്ന വികാരം രാജ്യത്ത് തീവ്ര പാക് വികാരത്തിന് ശക്തികൂട്ടുമെന്നാണ് കരുതുന്നത്. ചൈന പാകിസ്താൻ അതിർത്തികളിലെ ഭീഷണി ഒരുവശത്ത്. ഇതിനിടെ ഇതുവരെയില്ലാത്ത രീതിയിൽ ബംഗ്ലാദേശ് അതിർത്തിയിലും കടുത്ത ജാഗ്രത പാലിക്കേണ്ട സ്ഥിതിയിലേക്ക് ഇന്ത്യ എത്തുകയാണ്.
ഭീഷണി 4096 കിലോമീറ്റർ നീളുന്ന അതിർത്തിയിൽ
4096 കിലോമീറ്റർ നീളുന്നതാണ് ഇന്ത്യ ബംഗ്ലാദേശ് അതിർത്തി. പ്രധാനമന്ത്രി ഷെയ്ക് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ഇന്ത്യ– ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുയാണ്. പശ്ചിമ ബംഗാൾ, ത്രിപുര, മേഖാല, മിസോറാം, അസം അടക്കം അഞ്ച് സംസ്ഥാനങ്ങളാണ് ബംഗ്ലാദേശുമായി അതിർതത്തി പങ്കിടുന്നത് ഇവിടങ്ങളിലെ അശാന്തിയാണ് ഇന്ത്യ ഭയക്കുന്നത്.
പുതിയ നയം പാക് അനുകൂലം?
ഹസീനയെ പുറത്താക്കാനുള്ള നിലവിലെ സംഘർഷത്തിന് പാക് ഐഎസ്ഐ പിന്തുണ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. മാത്രമല്ല, ജമാഅത് ഇസ്ലാമി ബംഗ്ലാദേശിൻറെ വിദ്യാർഥി വിഭാഗമായ ഇസ്ലാമി ഛത്ര ഷിബിർ ബംഗ്ലാദേശിൽ പാക് അനുകൂലസർക്കാർ രൂപീകരിക്കാൻ ഐഎസ്ഐയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 2018 ൽ 17വർഷത്തെ ജയിൽവാസത്തിന് ശിക്ഷിച്ച മുൻപ്രധാനമന്ത്രി ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ ഉത്തരവിട്ടിട്ടുണ്ട്. ഹസീനയുടെ ഭരണം വീണതോടെ സിയയുടെ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വീണ്ടും അധികാരത്തിലെത്താൻ സാധ്യതയേറി. ഖലീദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്ത് ഇസ്‍ലാമി ബംഗ്ലാദേശും പാകിസ്താൻ അനുകൂല നിലപാടുള്ളവരാണ്.
സംഘർഷപൂരിതം പോയകാലം
ഖാലിദ സിയ പ്രധാനമന്ത്രിയായിരുന്ന 1991-1996, 2001-2006 കാലത്ത് പാകിസ്താനൊപ്പം ചേർന്ന് ബംഗ്ലാദേശ് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ ഭീകര പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധികാരത്തിലിരുന്ന ഇക്കാലത്ത് ഐഎസ്ഐയ്ക്ക് ബംഗ്ലാദേശിൽ ശക്തമായ സാന്നിധ്യവുമുണ്ടായിരുന്നു. വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള സായുധ സംഘങ്ങൾ ബംഗ്ലാദേശിൽ സാന്നിധ്യമുറപ്പിക്കുകയും ചെയ്തിരുന്നു. 2019 തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയെയും ബംഗ്ലാദേശ് ജമാഅത് ഇസ്‍ലാമിയെയും അധികാരത്തിലെത്തിക്കാൻ ഐഎസ്ഐ ശ്രമങ്ങൾ നടത്തിയിരുന്നു. സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതിലും ധനലഭ്യത ഉറപ്പാക്കുന്നതിലും പാക് ഭീരക സംഘടനകൾക്ക് കയ്യുണ്ടായിരുന്നു. നാല് തവണയായി അധികാരത്തിലിരിക്കുന്ന ഹസീനയുടെ ഭരണ കാലയളവിൽ ബംഗ്ലാദേശ് ഇന്ത്യയോട് അടുക്കുകയും പാകിസ്താനോട് അകലം പാലിക്കുകയും ചെയ്തു. ഹസീന ഭരണത്തിലെത്തിയ ശേഷമാണ് വിമത നേതാക്കളെ ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവിട്ടത്.