1971ലെ ബംഗ്ലദേശ് വിമോചന പോരാട്ടത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയിലുണ്ടായിരുന്ന 30 ശതമാനം സംവരണം പുനഃസ്ഥാപിക്കാന്‍ തീരുമാനം. അതായിരുന്നു പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയ്ക്ക് പുറത്തേക്കുള്ള വഴി തെളിച്ചത്. സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ആരംഭിച്ച വിദ്യാര്‍ഥി സമരം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നായിമാറി. സുപ്രീം കോടതിയുടെ ഇടപെടലോടെ സംവരണം 5 ശതമാനമായി കുറഞ്ഞതോടെ സംഘര്‍ഷത്തില്‍ നേരിയ അയവ് വന്നു. പക്ഷെ, അവിടെ കൊണ്ടൊന്നും അവസാനിച്ചില്ല. ഹസീനയുടെ രാജി ആവശ്യപ്പെട്ട് വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനമെന്ന കൂട്ടായ്മ പ്രതിഷേധം വീണ്ടും കടുപ്പിച്ചു. സമരക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി. രണ്ടു ദിവസത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 157 പേരാണ്. ഭരണ കക്ഷിയായ അവാമി ലീഗിന്‍റെ പ്രവര്‍ത്തകരും പ്രക്ഷോഭകരെ നേരിടാനിറങ്ങിയതോടെ രാജ്യമാകെ കലാപന്തരീക്ഷമായി.
വിദ്യാര്‍ഥികളുടെ പ്രതിഷേധം മുതല്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പലായനം വരെ. പ്രതിഷേധം, കലാപം, അടിച്ചമര്‍ത്തല്‍, വെല്ലുവിളികള്‍. ഒടുവില്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ട അവസ്ഥ.
2024 ജൂലൈ 1
സംവരണം പരിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ റോഡുകളും റെയില്‍വേ ലൈനുകളും തടഞ്ഞു. സംവരണത്തിന്‍റെ മുഴുവന്‍ ഗുണവും ഭരണ കക്ഷിയായ അവാമി ലീഗുകാര്‍ക്ക് ലഭിക്കുന്നുവെന്നായിരുന്നു ആരോപണം. പ്രതിപക്ഷത്തിന്‍റെ ഒരു വെല്ലുവിളികളുമില്ലാതെ അഞ്ചാം തവണയും അധികാരത്തിലേറിയ ഷെയ്ഖ് ഹസീനയാകട്ടെ, വിദ്യാര്‍ഥികള്‍ വെറുതെ സമയം പാഴാക്കുന്നുവെന്ന് പറഞ്ഞ് സമരത്തെ നിസാരമായി കണ്ടു.
ജൂലൈ 16, അക്രമം ശക്തമാകുന്നു.
പ്രതിഷേധക്കാരും സര്‍ക്കാര്‍ അനുഭാവികളും ധാക്കയില്‍ നേരിട്ടേറ്റുമുട്ടി. തലസ്ഥാനനഗരം കലാപകലുഷിതമായി. തുടര്‍ന്ന് എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
ജൂലൈ 18
സമരങ്ങള്‍ക്കിടെയുണ്ടായ മരണങ്ങള്‍ക്ക് കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതിഷേധക്കാര്‍ പ്രതിജ്ഞയെടുത്തു. തൊട്ടടുത്ത ദിവസം ഹസീനയുടെ സമാധാന ആഹ്വാനം വിദ്യാര്‍ഥികള്‍ നിരസിച്ചു. " സ്വേച്ഛാധിപതിക്കു താഴെ" എന്ന മുദ്രാവാക്യം ഉയര്‍ന്നുകേട്ടു. ഔദ്യോഗിക മാധ്യമത്തിന്‍റെ ആസ്ഥാനമന്ദിരമടക്കം ഡസന്‍ കണക്കിന് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കത്തിച്ചു. പ്രതിഷേധം വ്യാപിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കി. ഒടുവില്‍ കൂടുതല്‍ സൈനികരെ വിന്യസിപ്പിച്ച് മുഴുവന്‍ സമയ കര്‍ഫ്യൂവിന് സര്‍ക്കാര്‍ ഉത്തരവിട്ടു.
ജൂലൈ 21, സുപ്രീം കോടതി വിധി
ഹസീനയുടെയും സര്‍ക്കാരിന്‍റെയും ഇച്ഛാശക്തിയുടെ റബര്‍ സ്റ്റാമ്പായി വിമര്‍ശകര്‍ കണ്ട ബംഗ്ലാദേശിലെ സുപ്രീം കോടതി , തൊഴില്‍ സംവരണം പുനഃസ്ഥാപിക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് വിധിച്ചു. വിധി ഹസീനയ്ക്ക് എതിരായിരുന്നു. പക്ഷേ, പ്രതിഷേധക്കാര്‍ക്ക് അത് മതിയായിരുന്നില്ല.
ഓഗസ്റ്റ് 5
സുപ്രീംകോടതി വിധിക്കും ഹസീനയ്ക്കെതിരായ പ്രതിഷേധത്തെ ശമിപ്പിക്കാനായില്ല. എല്ലാം കൈവിടുമെന്ന അവസ്ഥയിലെത്തിയതോടെ സൈന്യം ഹസീനയ്ക്ക് 45 മിനിറ്റ് സമയം അനുവദിച്ചു. എത്രയും വേഗം രാജ്യം വിടുക. അത് മാത്രമായിരുന്നു ഹസീനയ്ക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി. ഒടുവില്‍ ഒരു അഭിസംബോധനയ്ക്ക് പോലും കാത്തുനില്‍ക്കാതെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് രാജ്യം വിട്ടു.
തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത സൈനിക മേധാവി ജനറല്‍ വക്കര്‍ ഉസ് സമാന്‍, ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് വ്യക്തമാക്കി. അര്‍ധരാത്രിയോടെ പാര്‍ലമെന്‍റ് പിരിച്ചുവിട്ട പ്രസിഡന്റ് ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നല്‍കി. ഇതിനിടയിലും ഷെയ്ഖ് ഹസീനയുടെ രാജിയും പലായനവും ആഘോഷമാക്കുകയായിരുന്നു പ്രതിഷേധക്കാര്‍. തെരുവുകളും സര്‍ക്കാര്‍ മന്ദിരങ്ങളുമൊക്കെ കയ്യേറി അതിരുവിട്ട ആഘോഷങ്ങള്‍ക്കും ബംഗ്ലദേശ് സാക്ഷിയായി.
76 കാരിയായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണം അവസാനിപ്പിച്ച കൊടിയ പ്രതിഷേധത്തില്‍ ഒരു മാസത്തിലേറെയായി 300 പേരാണ് കൊല്ലപ്പെട്ടത്. ഇനി അവശേഷിക്കുന്നത് ഈ ചോദ്യമാണ്. വിമോചന സമരത്തില്‍ നിന്നുയര്‍ന്നുവന്ന രാജ്യത്തിന്‍റെ ഭാവി എന്തായിരിക്കും? കുതിപ്പിലേക്കോ? കിതപ്പിലേക്കോ?