TOPICS COVERED

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയെ വെട്ടിലാക്കി മുതിർന്ന നേതാവ് ചംപയ് സോറന്റെ രാഷ്ട്രീയ നീക്കം. ഡൽഹിയിൽ എത്തിയ സോറൻ ബി.ജെ.പി. നേതാക്കളുമായി ആശയവിനിമയം നടത്തുന്നതായാണ് റിപ്പോർട്ട്.  തിരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് അഭ്യൂഹം. അതേസമയം സന്ദർശനം വ്യക്തിപരമാണെന്നു പറഞ്ഞ ചംപയ് സോറൻ അഭ്യൂഹങ്ങൾ പൂർണമായി തള്ളിയിട്ടില്ല. 

ഹേമന്ത് സോറനുവേണ്ടി മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നതിലെ അതൃപ്തിയാണ് പാർട്ടിവിടാൻ ചംപയ് സോറനെ പ്രേരിപ്പിക്കുന്നത്. ഇഡി കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ജയിലിലായതോടെയാണ് 2024 ഫെബ്രുവരി രണ്ടിന് ചംപയ് മുഖ്യമന്ത്രിയായത്. അഞ്ച് മാസത്തിന് ശേഷം ജൂൺ 28 ന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് ജൂലായ് മൂന്നിന് ചംപയ് സോറന് രാജിവെയ്ക്കേണ്ടി വന്നത്.  പിന്നാലെ സ്വന്തം എക്സിലെ അക്കൗണ്ടിൽനിന്ന് നിന്ന് ചംപയ് സോറൻ പാർട്ടിയുടെ പേര് നീക്കുകയും ചെയ്തു. കൊൽക്കത്തയിൽവച്ച് സോറൻ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സൂചനയുണ്ട്. 

ജെ.എം.എമ്മിലെ ആറ് എം.എൽ.എമാരുടെ പിന്തുണ ചംപയ് സോറനുണ്ട്. ഇതിൽ പലരെയും പാർട്ടി നേതൃത്വത്തിന് ബന്ധപ്പെടാൻ സാധിക്കുന്നില്ല. ചാംപയ് സോറനൊപ്പം വലിയ തോതിൽ എംഎൽഎമാരുടെ മാറ്റമുണ്ടായില്ലെങ്കിൽ ജാർഖണ്ഡിൽ ഭരണമാറ്റവും ഉണ്ടാകില്ല. 81 അംഗ അസംബ്ലിയിൽ എട്ട് സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. അതിനാൽ 37 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് 26സീറ്റും കോൺഗ്രസിന് 16 ഉം ആർജെഡിക്ക് ഒരു അംഗവുമാണുള്ളത്. സിപിഐഎംഎൽ എംഎൽഎ വിനോദ് സിങും ഭരണകക്ഷിക്ക് പിന്തുണ നൽകുന്നു. 

എൻഡിഎ ക്യാംപിൽ 23 സീറ്റുള്ള ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. എജെഎസ്‍യു മൂന്ന് സീറ്റും എൻസിപിക്ക് ഒരു സീറ്റമുണ്ട്. രണ്ട് സ്വതന്ത്രൻമാരും എൻഡിഎയ്ക്കൊപ്പമാണ്. കക്ഷിനില ഇതായിരിക്കെ  തൽകാലം  ഹേമന്ത് സോറൻ സർക്കാറിന് ഭീഷണിയില്ല. അതേസമയം ചംപയ് സോറനെ ഒപ്പം ചേർത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് ബിജെപി ലക്ഷ്യമിടുന്നത്. നവംബർ മാസത്തോടെ ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്. 

ENGLISH SUMMARY:

Champai Soren's shift to BJP will not make any change to Jharkhand government