നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഹരിയാന ബി.ജെ.പിയില്‍ പൊട്ടിത്തെറി. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ചൗധരി രഞ്ജിത് സിങ് ചൗട്ടാല മന്ത്രിസ്ഥാനം രാജിവച്ചു. എം.എല്‍.എയടക്കം മൂന്നുപേര്‍ പാര്‍ട്ടിവിട്ടു. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടരുകയാണ്. എ.എ.പിയുമായുള്ള സഖ്യത്തില്‍ സംസ്ഥാന നേതൃത്വം എതിര്‍പ്പറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിടും മുമ്പാണ് ബി.ജെ.പിയില്‍ സീറ്റ് മോഹികളുടെ കൊഴിഞ്ഞുപോക്ക്. റനിയ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട ചൗധരി രഞ്ജിത് സിങ് ചൗട്ടാല സ്വതന്ത്രനായി മല്‍സരിക്കുമെന്ന് അറിയിച്ചു. ഡബ്‌വാലി സീറ്റ് പാര്‍ട്ടി വാഗ്ദാനം ചെയ്തെങ്കിലും സ്വീകരിക്കാന്‍ തയാറായില്ല.

റതിയ മണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എ ലക്ഷ്മൺ നപ, ഹിസാറില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് ദര്‍ശന്‍ ഗിരി മഹാരാജ്, ഒ.ബി.സി. മോര്‍ച്ച നേതാവ് കരണ്‍ദേവ് കാംബോജ് എന്നിവരും പാര്‍ട്ടിവിട്ടു. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും എ.എ.പിയുമായുള്ള സഖ്യചര്‍ച്ചകളും തുടരുകയാണ്. എ.എ.പി സഖ്യം വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഹരിയാന– പഞ്ചാബ് അതിര്‍ത്തിയിലെ 10 സീറ്റുകളാണ് എ.എ.പി ആവശ്യപ്പെടുന്നത്. അഞ്ചെണ്ണം നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എ.എ.പി. നിലപാടിലുറച്ചു നിന്നാല്‍ കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കും.

ENGLISH SUMMARY:

Issues in Haryana BJP