മെഡല്‍ നഷ്ടത്തെ കുറിച്ച് തുറന്നു പറയുമെന്ന് ഗുസ്തി താരമായ വിനേഷ് ഫോഗട്ട്. തനിക്കുണ്ടായ നഷ്ടത്തെ കുറിച്ച് തുറന്നു പറയാന്‍ മാനസികമായി തയാറെടുക്കണമെന്നും പോരാട്ടങ്ങളില്‍ പിന്നോട്ടില്ലെന്നും ഫോഗട്ട് പറഞ്ഞു. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു ശേഷമായിരുന്നു ഫോഗട്ടിന്‍റെ പ്രതികരണം. കോണ്‍ഗ്രസ് എല്ലാ കാലത്തും സ്ത്രീകള്‍ക്ക് ഒപ്പമാണെന്നും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഫോഗട്ട് കൂട്ടിച്ചേര്‍ത്തു.
കൂടാതെ, തങ്ങളുടെ പോരാട്ടത്തിന് ഒപ്പം നിന്നത് കോണ്‍ഗ്രസ് ആണെന്നും , കത്ത് അയച്ചിട്ടു പോലും ബിജെപിയിലെ വനിതാ നേതാക്കള്‍ ഒപ്പം നിന്നില്ലെന്നും പാര്‍ട്ടിക്കായി രംഗത്ത് ഇറങ്ങുമെന്നും ബജ്‌രംഗ് പുനിയയും അഭിപ്രായപ്പെട്ടു.
എ.ഐ.സി.സി. ആസ്ഥാനത്ത് നിന്നാണ് ഇരുവരും കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരുവരും മല്‍സരിക്കും. താരങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അത് ഗൂഢാലോചന ആകുന്നതെങ്ങനെയെന്ന് ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് കെ.സി.വേണുഗോപാല്‍ ചോദിച്ചു. ബ്രിജ്ഭൂഷന്റെ ആരോപണത്തിനാണ് കെ.സി.വേണുഗോപാലിന്റെ മറുപടി. കോണ്‍ഗ്രസിന് ഇത് അഭിമാനദിനമാണെന്നും സംഘടനാ ജനറല്‍ സെക്രട്ടറി പറഞ്ഞു.
അതേസമയം, വിനേഷ് ഫോഗട്ടിന്‍റെ കോണ്‍ഗ്രസ് പ്രവേശത്തില്‍ ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭിന്നസ്വരമെന്നും റിപ്പോര്‍ട്ടുണ്ട്. വിനേഷിന്‍റെയും ബജ്റംഗ് പൂനിയയുടെയും തീരുമാനം വ്യക്തിപരമെന്ന് സാക്ഷി മാലിക് പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് തെറ്റായ ദിശ നല്‍കരുതെന്നും തനിക്കും പാര്‍ട്ടികളില്‍ നിന്ന് വാഗ്ദാനങ്ങള്‍ വന്നു, തുടങ്ങിവച്ച പോരാട്ടം പൂര്‍ത്തിയാക്കുമെന്നും സാക്ഷി മാലിക്ക് കൂട്ടിച്ചേര്‍ത്തു.