savithri-jindal

കോണ്‍ഗ്രസ് വിട്ടെങ്കിലും തിരഞ്ഞെടുപ്പ് അങ്കത്തിനുള്ള ബാല്യം ഇനിയുമുണ്ടെന്നാണ് സാവിത്രി ജിന്‍ഡാളിന്‍റെ പക്ഷം. മകന്‍ നവീന്‍റെ പാര്‍ട്ടിക്കെതിരെയാണ് പോര്‍മുഖം തുറന്നത്. അതും സ്വതന്ത്രയായി, ഹിസറില്‍ നന്നാണ് സാവിത്രി  ഇന്നലെ നാമനിര്‍ദേ പത്രിക സമര്‍പ്പിച്ചത് കുരുക്ഷേത്രയില്‍ നിന്നുള്ള  ബിജെപി എംപിയാണ് നവീന്‍ ജിന്‍ഡാള്‍.

ഇന്ത്യയിലെ അതിസമ്പന്നയായ വനിതയായി ഫോബ്സ് ഇന്ത്യ പട്ടികപ്പെടുത്തിയ വ്യക്തിയാണ് സാവിത്രി ജിന്‍ഡാള്‍. 29.1 ബില്യണ്‍ ആണ് ഇവരുടെ ആസ്തി. പ്രമുഖ വ്യവസായി ഒ.പി ജിന്‍ഡാളിന്‍റെ ഭാര്യയായ സാവിത്രിക്ക് 74 വയസ്സാണ് പ്രായം. ഹരിയാന മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ ബി.ജെ.പി സ്ഥാനാര്‍ഥി കമല്‍ ഗുപ്തയ്ക്കെതിരെയാണ് സാവിത്രി തിരഞ്ഞെടുപ്പില്‍ വോട്ടുതേടുന്നത്.

ഹിസാറിന്‍റെ സമ്പൂര്‍ണ വികസനവും പരിവര്‍ത്തനവുമാണ് തന്‍റെ ലക്ഷ്യം അതിനായി താന്‍ പ്രതിഞ്ജ ചെയ്തതായി നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനു ശേഷം സാവിത്രി പ്രതികരിച്ചു. ‘ഹിസാറിലെ ജനങ്ങള്‍ എന്‍റെ കുടുംബാംഗങ്ങളാണ്. നിങ്ങളുമായുള്ള എന്‍റെ ബന്ധം സുദൃഢമാകാന്‍ കാരണം എന്‍റെ ഭര്‍ത്താവ് ഓം പ്രകാശ് ജിന്‍ഡാളാണ്. ജിന്‍ഡാള്‍ കുടുംബം എല്ലായ്പ്പോഴും ഹിസാറിന്‍റെ ക്ഷേമത്തിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പം നിലകൊള്ളാനും അവരുടെ വിശ്വാസം നിലനിര്‍ത്താനും ഞാന്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നതാണ്’ എന്നും സാവിത്രി ജിന്‍ഡാല്‍ കൂട്ടിച്ചേര്‍ത്തു.

ഹിസാറില്‍ നിന്ന് രണ്ടു തവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് സാവിത്രി ജിന്‍ഡാള്‍. 2005ല്‍ കോണ്‍ഗ്രസ് എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടു. 2009ല്‍ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട സാവിത്രി സിങ് ഹൂഡ സര്‍ക്കാരില്‍ 2013ല്‍ മന്ത്രിസ്ഥാനവും കൈകാര്യം ചെയ്തു. ഈ വര്‍ഷം മാര്‍ച്ചിലാണ് സാവിത്രി ജിന്‍ഡാള്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്. പിന്നാലെ മകന്‍ നവീന്‍ ജിന്‍ഡാളും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു.

തൊണ്ണൂറംഗ നിയമസഭയിലേക്ക് ഒക്ടോബര്‍ അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.ബി.ജെ.പിയിലേക്ക് കൂറുമാറുമോ എന്ന ചോദ്യത്തിന് മകന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഭാഗമായി എന്നതൊഴികെ ബി.ജെ.പിയുമായി തനിക്കൊരു ബന്ധവുമില്ല. പാര്‍ട്ടിയില്‍ അംഗത്വം പോലും എടുത്തിട്ടില്ല എന്നായിരുന്നു മാധ്യമങ്ങളോട് സാവിത്രി ജിന്‍ഡാള്‍ പ്രതികരിച്ചത്.

ENGLISH SUMMARY:

Savitri Jindal, the richest woman in the country contest in Haryana Assembly elections against Minister and sitting MLA from Hisar Kamal Gupta, the BJP candidate.