വിടപറഞ്ഞ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ വിദ്വേഷ പ്രചാരണം. യച്ചൂരി ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണെന്നും ഹിന്ദുത്വത്തെ അദ്ദേഹം വെറുക്കുന്നതില്‍ അത്ഭുതപ്പെടാനില്ല എന്നുമുള്ള പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉന്നയിക്കുന്നത്. എന്നാല്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങളെ എതിര്‍ത്ത് ബോളിവുഡ് താരം സ്വരാ ഭാസ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
സംഘികളുടെ വിവരക്കേട് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. ക്രിസ്ത്യാനി ആണെങ്കിലും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതാണെങ്കിലും നിങ്ങള്‍ക്ക് താത്പര്യമുള്ള ഏത് മതവിശ്വാസത്തെ മുറുകെ പിടിക്കുന്നതിലും ഒരു തെറ്റുമില്ല. സീതാറാം യച്ചൂരിയുടെ മൃതദേഹം പെട്ടിക്കുള്ളില്‍ കിടത്തിയത് അത് എംബാം ചെയ്ത് എയിംസിലേക്ക് മെഡിക്കല്‍ പഠനത്തിനായി നല്‍കിയത് കൊണ്ടാണ്. . നിസ്വാര്‍ഥനായ മനുഷ്യനായിരുന്നു അദ്ദേഹം. മനുഷ്യ സമൂഹത്തിന്‍റെ ഉന്നതിക്ക് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്, മരണത്തിന് ശേഷവും. ഒരു കമ്യൂണിസ്റ്റ് നേതാവിന്‍റെ മരണത്തില്‍ ഈ വിധം വിദ്വേഷ പ്രചാരണം നടത്തുന്ന ആളുകളെ മനുഷ്യന്‍ എന്ന് പോലും വിളിക്കാനാവില്ല, സ്വരാ ഭാസ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
എന്തുകൊണ്ടാണ് രാഷ്ട്രീയ ജീവിതത്തില്‍ മതപരമായ വ്യക്തിത്വം മറച്ചുവയ്ക്കുന്നത് എന്നതുള്‍പ്പെടെയുള്ള വര്‍ഗീയ പരാമര്‍ശങ്ങളാണ് യച്ചൂരിയുടെ മരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഉന്നയിച്ചത്. ഇതിനെതിരായ വിമര്‍ശനങ്ങളും ശക്തമാണ്. സെപ്തംബര്‍ 12നായിരുന്നു സീതാറാം യച്ചൂരി അന്തരിച്ചത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു.