kala-raju-complaint

ഏരിയ കമ്മിറ്റിയംഗം സണ്ണി കുര്യാക്കോസ് തന്നെ കബളിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൂത്താട്ടുകുളത്തെ കൗണ്‍സിലര്‍ കലാരാജു പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്ത്. കടബാധ്യത തീര്‍ത്തുതരാമെന്ന പേരില്‍ നിര്‍ബന്ധപൂര്‍വം സ്ഥലം വില്‍പ്പിച്ചെന്നും ഈ വില്‍പ്പനയിലൂടെ സണ്ണി വന്‍ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും കലയുടെ പരാതിയില്‍ പറയുന്നു. ജില്ലാ–സംസ്ഥാന നേതൃത്വങ്ങള്‍ക്കായിരുന്നു പരാതി നല്‍കിയത്. തന്നെ സഹായിക്കാന്‍ പാര്‍ട്ടിയല്ലാതെ മറ്റാരുമില്ലെന്നും പരാതിയില്‍ എഴുതിയിട്ടുണ്ട്. 

 

അതേസമയം, കലാരാജുവിന്‍റെ ആരോപണം അടിസ്ഥാന രഹിതമെന്ന് കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി.രതീഷ്. 10 ലക്ഷം രൂപ സഹകരണബാങ്കില്‍ നിന്നും ലോണ്‍ എടുത്തിട്ട് കല 5 വര്‍ഷം കഴിഞ്ഞാണ് തിരിച്ചടയ്ക്കുന്നത്. ആ സ്ഥലത്തിന് ആ മേഖലയില്‍ ഉണ്ടായിരുന്ന വില ലഭിച്ചിട്ടുണ്ടെന്നും മൂന്ന് വര്‍ഷം മുന്‍പത്തെ സ്ഥലക്കച്ചവടം ഇപ്പോള്‍ ഉന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കലാരാജു സഹകരണ ബാങ്കിലെ വായ്പയുമായി ബന്ധപ്പെട്ട് കത്ത് നല്‍കിയിരുന്നതായി എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. വിഷയം ഏരിയ കമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നുവെന്നും പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ തുടര്‍ ചര്‍ച്ചകള്‍ നടത്തുകയായിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. 

കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയുമായി ബന്ധപ്പെട്ടാണ് കലാരാജുവിന്‍റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത്. പ്രമേയം ചര്‍ച്ചയ്ക്കെടുക്കാനിരിക്കെ കലാരാജുവിനെ സിപിഎം തന്നെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. അമ്മയെ കാണാനില്ലെന്ന് മകളും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ കലാരാജു തന്നെ നേരിട്ട് മാധ്യമങ്ങളെ കാണുകയും വിശദീകരണം നല്‍കുകയുമായിരുന്നു.

ENGLISH SUMMARY:

A complaint has surfaced from Kala Raju, the councillor of Koothattukulam, accusing Area Committee member Sunny Kuriakose of deceiving him. According to the complaint, Sunny allegedly forced Kala Raju to sell land under the pretext of clearing a financial liability.