നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുടുംബത്തിലെ പ്രായമായ സ്ത്രീക്ക് വര്‍ഷം 18,000 രൂപ നല്‍കും. എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം ഏഴുലക്ഷം രൂപവരെയുള്ള ചികില്‍സ സൗജന്യമാക്കും. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 80,000 രൂപ നല്‍കുമെന്നും തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കും. നൈപുണ്യ വികസനം നല്‍കിയാവും തൊഴില്‍ നല്‍കുകയെന്നും അല്ലാതെ വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും  കുടുംബവാഴ്ച നടത്തി ജനാധിപത്യത്തെ കശാപ്പുചെയ്തുവെന്നും കശ്മീരികളെ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണ് ഉണ്ടായതെന്നും മോദി വിമര്‍ശിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ജമ്മു കശ്മീര്‍ മാറിയെന്നും ജനാധിപത്യ പ്രക്രിയയില്‍ യുവാക്കള്‍ക്ക് വിശ്വാസം തിരികെ ലഭിച്ചുവെന്നും മോദി അവകാശപ്പെട്ടു.  രാത്രി വൈകിയും തിരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്താന്‍ കഴിയുന്നത് ജനാധപത്യത്തിന്‍റെ വിജയമാണെന്നും ജനങ്ങള്‍ക്ക് അവരുടെ വോട്ടാണിതെന്നും അവരുടെ അവകാശമാണെന്നും മാറ്റം വരുമെന്നുമുള്ള വിശ്വാസം രൂപപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

BJP will fulfill promise of restoration of Jammu and Kashmir's statehood: PM Modi in Srinagar.