TOPICS COVERED

യു.എസ് പ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി നേതാക്കള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. പറഞ്ഞതില്‍ തെറ്റുണ്ടോയെന്ന് ചോദിച്ച രാഹുല്‍ മൂല്യങ്ങള്‍ക്കായി ഇനിയും ശബ്ദമുയര്‍ത്തുമെന്നും പറഞ്ഞു. ബി.ജെ.പി നേതാക്കളുടെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. രാഹുല്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ബി.ജെ.പി അനുകൂല സിഖ് സംഘടനകള്‍ ആവശ്യപ്പെട്ടു.

ബി.ജെ.പി നേതാക്കള്‍ ഭീഷണി പ്രസ്താവനകള്‍ തുടരുന്നതിനിടെയാണ് നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. ഓരോ സിഖുകാരനും അവരുടെ മതം ഭയമില്ലാതെ പിന്തുടരാന്‍  കഴിയുന്ന  രാജ്യമാകണ്ടേ ഇന്ത്യയെന്ന് സമൂഹമാധ്യമ പോസ്റ്റില്‍ രാഹുല്‍ ചോദിച്ചു. സത്യം പറയുമ്പോള്‍ നിശബ്ദനാക്കാനാണ് ശ്രമിക്കുന്നത്. ബി.ജെ.പി നേതാക്കള്‍ കള്ളപ്രചാരണം നടത്തുകയാണെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പിയുടെ പരാതിയില്‍ ഡൽഹി സിവിൽ ലൈൻസ്, യു പി സിഗ്ര പൊലീസ് സ്റ്റേഷനുകളിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. 

രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി അനുകൂല സിഖ് സംഘടനാ നേതാക്കള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായിയെ കണ്ടു.  രാഹുല്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ബി.ജെ.പി നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ ആവശ്യപ്പെട്ടു. സിഖുകാര്‍ തലപ്പാവും കൃപാണും ധരിക്കാനും ഗുരുദ്വാരയിൽ പോകാനുമായാണ് പോരാടുന്നത് എന്നായിരുന്നു യു.എസിലെ ചടങ്ങില്‍ രാഹുല്‍ പറഞ്ഞത്.

ENGLISH SUMMARY:

Rahul Gandhi breaks silence on his Sikh remark in US