jandk-second-phase

ജമ്മു കശ്മീരില്‍ രണ്ടാംഘട്ട പോളിങ് നാളെ. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ലയും കോണ്‍ഗ്രസ് അധ്യക്ഷന്‍ താരീഖ് കാരയും ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയുമടക്കം പ്രമുഖരുടെ മണ്ഡലങ്ങളില്‍ പൊരിഞ്ഞ പോരാട്ടമാണ് ഇക്കുറി. ആദ്യഘട്ടത്തില്‍ നാഷനല്‍ കോണ്‍ഫറന്‍സ് സഹായിച്ചില്ല എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആരോപണത്തെത്തുടര്‍ന്ന് സഖ്യം പാളാതിരിക്കാന്‍ ജാഗ്രതയിലാണ് നിശബ്ദപ്രചാരണ ദിവസവും നേതൃത്വങ്ങള്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ 42 ശതമാനം വോട്ടാണ് നിയമസഭ പോരാട്ടത്തില്‍ സഖ്യം തുടരാന്‍ കോണ്‍ഗ്രസ്–നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വങ്ങളെ പ്രേരിപ്പിച്ചത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ താഴെത്തട്ടില്‍ നാഷണല്‍ കോണ്‍ഫറന്‍സ് വേണ്ടത്ര സഹായിക്കുന്നില്ലെന്ന് നിരവധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. ഷല്‍റ്റെങ് മണ്ഡലത്തില്‍ മുന്‍ നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എ ഇര്‍ഫാന്‍ അഹമ്മദ് ഷായുടെ മല്‍സരം പിസിസി അധ്യക്ഷന്‍ താരിഖ് ഹമീദ് കാരയ്ക്ക് വെല്ലുവിളിയാണ്. 

എന്നാല്‍ കാലുവാരല്‍ സാധ്യത തള്ളുകയാണ് നാഷണല്‍ കോണ്‍ഫറന്‍സ് .  ബിജെപിക്കെതിരെ സഖ്യം ഒറ്റക്കെട്ടാണെന്ന് നേതൃത്വം. നാളെ വോട്ടെടുപ്പ് നടക്കുന്ന നൗഷേരയില്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയും ശക്മായ മല്‍സരം നേരിടുന്നു. ബിജെപിയില്‍ നിന്ന് നാഷണല്‍ കോണ്‍ഫറന്‍സില്‍ പോയ സുരീന്ദര്‍ ചൗധരിയാണ് റെയ്നയുടെ മുഖ്യ എതിരാളി.

ENGLISH SUMMARY:

Second phase of polling tomorrow in Jammu and Kashmir