ashok-rahul

തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഹരിയാന ബിജെപിക്ക് തിരിച്ചടിയായി മുതിര്‍ന്ന നേതാവ് അശോക് തന്‍വറിന്റെ പാര്‍ട്ടി ക്വിറ്റ്.  ബിജെപി അധികാരത്തിലെത്തുമെന്ന് പ്രചാരണപ്രസംഗത്തിനിടെയും അമിത് ഷാ പങ്കെടുത്ത യോഗത്തിനിടെയിലും ഉറപ്പിച്ചു പറഞ്ഞ നേതാവിനെ രണ്ടു മണിക്കൂറിനുള്ളില്‍ കണ്ടത് കോണ്‍ഗ്രസ് വേദിയില്‍. മഹേന്ദ്രഗര്‍ ജില്ലയില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത യോഗത്തിലെത്തിയാണ് ബിജെപി മുന്‍ എംപി കൂടിയായ അശോക് തന്‍വാര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയത്. 

സംഘടനാ ജനറല്‍ സെക്രട്ടറി കെ. സി.വേണുഗോപാല്‍, ഭൂപീന്ദര്‍ ഹൂഡ എന്നിവര്‍ ചേര്‍ന്നാണ് തന്‍വറിനെ സ്വീകരിച്ചത്. ബിജെപി പ്രചാരണത്തിനു മുന്‍നിരയില്‍ നിന്ന ദലിത് നേതാവിന്റെ ഈ കാലുമാറ്റം അക്ഷരാര്‍ത്ഥത്തില്‍ പാര്‍ട്ടിയെ ഞെട്ടിച്ചു. രാഹുല്‍ഗാന്ധി പ്രസംഗം അവസാനിപ്പിക്കുന്നതിനിടെയാണ് കാണികളോട് രണ്ട് മിനിറ്റ് കാത്തിരിക്കൂ എന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത്. പിന്നാലെ തന്‍വര്‍ വേദിയിലെത്തുകയായിരുന്നു.

2019ലാണ് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡ ഉള്‍പ്പെടെയുള്ള നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് തന്‍വര്‍ കോണ്‍ഗ്രസ് വിട്ടത്. പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം ഭരണം ബിജെപിയില്‍ നിന്നും പിടിച്ചടക്കാനാകുമെന്ന  കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്കിടെയാണ് സംസ്ഥാനത്തെ ദലിത് നേതാവിന്റെ കൂടുമാറ്റം. തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പവും എഎപിക്കൊപ്പവും സഞ്ചരിച്ചിട്ടുള്ള നേതാവാണ് അശോക് തന്‍വര്‍. ഹരിയാനയില്‍ നാളെയാണ് തിരഞ്ഞെടുപ്പ്.