police-father

അച്ഛന്‍ പൊലീസുകാരനാണ്, അതുകൊണ്ട് ആരെയും ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് ഓടുന്ന വാഹനത്തിന്‍റെ മുകളില്‍ കയറിയിരുന്ന് മകന്‍റെ സാഹസികപ്രകടനം. ഹരിയാനയിലാണ് സംഭവം. വിഡിയോ വൈറലായതോടെ വിമര്‍ശനം കടുക്കുകയാണ്. നാല്‍പതിനായിരത്തോളം ഫോളോവേഴ്സുള്ള രക്ഷിത് ബെനിവാള്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ വന്നത്. 3.6 കോടി ആളുകൾ ഇതിനകം റീൽ കണ്ടുകഴിഞ്ഞു.

വിലകൂടിയ വാഹനങ്ങളുമായുള്ള നിരവധി ചിത്രങ്ങള്‍ രക്ഷിത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. പൊലീസുകാരനായ അച്ഛനൊപ്പമുള്ള ചിത്രങ്ങളാണ് ഏറെയും. ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെ, നടുറോഡില്‍ ഓടുന്ന വാഹനത്തിന്‍റെ മുകളില്‍ കയറിയിരുന്ന് യാത്ര ചെയ്യുന്ന വിഡിയോകള്‍ക്കൊപ്പം 'എന്‍റെ അച്ഛന്‍ പൊലീസാണ്' എന്ന് രക്ഷിത് ആവര്‍ത്തിക്കുന്ന പല വിഡിയോകളും അക്കൗണ്ടിലുണ്ട്.

'നിനക്ക് ആരെയെങ്കിലും തല്ലണോ, തല്ലിക്കോ. ബാക്കി ഞാന്‍ നോക്കിക്കൊള്ളാം എന്നു പറയുന്ന അച്ഛന്‍’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരുന്നത്. എന്തായാലും രണ്ടു കയ്യും ഉയര്‍ത്തിപ്പിടിച്ച് പൊതുനിരത്തില്‍ വാഹനത്തിനു മുകളില്‍ കയറിയിരുന്ന് യാത്ര ചെയ്യുന്ന പൊലീസുകാരന്‍റെ മകന്‍ സമൂഹമാധ്യമത്തില്‍‌ ട്രെന്‍ഡിങ്ങാണ്. ഇതിൽ എംവിഡി എന്ത് നടപടിയെടുക്കും എന്ന് കാത്തിരിക്കുകയാണ് വിഡിയോ കണ്ടവര്‍.

ENGLISH SUMMARY:

A boy from Haryana faced backlash online after a video featuring him sitting on the roof of a moving car on a seemingly busy road, claiming his policeman father would protect him. Video goes viral on Social Media.