ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസിന് വന്‍ വിജയം പ്രവചിക്കുമ്പോള്‍ ബി.ജെ.പി 30 സീറ്റില്‍ താഴെ ഒതുങ്ങുമെന്നാണ് വിലയിരുത്തലുകള്‍. കര്‍കരോഷവും തൊഴിലില്ലായ്മയും തിരിച്ചടിയായെന്നുവേണം കരുതാന്‍
എല്ലാ പ്രവചനങ്ങളും കോണ്‍ഗ്രസിന് അന്‍പതിലേറെ സീറ്റ് ഉറപ്പിക്കുമ്പോള്‍ ബി.ജെ.പി 30 ല്‍ താഴെ സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പി മനസിലാക്കിയതാണ്. 2019 ല്‍ ലോക്‌സഭയില്‍ പത്തില്‍ പത്തും നേടിയപ്പോള്‍ കഴിഞ്ഞതവണ അത് നേര്‍പകുതിയായി കുറഞ്ഞിരുന്നു. എങ്കിലും നാല്‍പത്തിനാല് നിയമസഭാ മണ്ഡലങ്ങളില്‍ മുന്നേറാനാതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഭരണപക്ഷം. എന്നാല്‍ ആ നേട്ടം ഉണ്ടായില്ലെന്നുവേണം എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് മനസിലാക്കാന്‍. ഹരിയാനയിലെ കര്‍ഷകരും യുവാക്കളും ഏറെക്കാലമായി കടുത്ത അതൃപ്തിയിലായിരുന്നു. എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവില ഉറപ്പാക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതാണ് അതൃപ്തിക്ക് പ്രധാന കാരണമായത്.
ശംഭു അതിര്‍ത്തിയിലെ കര്‍ഷകസമരവും തിരിച്ചടിയായി. തൊഴിലില്ലായ്മയാണ് യുവാക്കളെ അതൃപ്തരാക്കിയത്. രണ്ടുലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അത് കാര്യമായ ഫലം കണ്ടില്ല എന്നുവേണം കരുതാന്‍. അഗ്നിവീര്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇതോടൊപ്പം ചേര്‍ത്തുവയ്ക്കാം. ഗുസ്തി താരങ്ങളുടെ സമരവും വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതും തിരിച്ചടിക്ക് ആക്കംകൂട്ടി എന്നാണ് പ്രവചനങ്ങള്‍ നല്‍കുന്ന സൂചന. തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ ജനവികാരം മനസിലാക്കി കളത്തിലിറങ്ങിയത് കോണ്‍ഗ്രസിന് നേട്ടമായി. എ.എ.പി അക്കൗണ്ട് തുറക്കാന്‍ സാധ്യത കുറവാണെന്നും ജെ.ജെ.പിക്കും ഐ.എന്‍.എല്‍.ഡിക്കും കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ലെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.