bjp-congress-4
  • ജമ്മു കശ്മീരില്‍ നാഷനല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റം
  • ഹരിയാനയില്‍ ബി.ജെ.പി മുന്നേറ്റം; കോണ്‍ഗ്രസിന് വന്‍ തിരിച്ചടി
  • ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ വിനേഷ് ഫോഗട്ടിന് 6140 വോട്ടുകള്‍ക്ക് ജയം

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ അന്‍പതിനുമേല്‍ സീറ്റുകളുറപ്പിച്ച് ഹരിയാനയില്‍ ബിജെപി മൂന്നാംവട്ടവും അധികാരത്തിലേക്ക്. പതിവുപോലെ ജാട്ട് മേഖലകളിലെ സ്വാധീനം ബിജെപിയെ ഈ തിരഞ്ഞെടുപ്പിലും തുണച്ചു. ഒപ്പം നഗരമേഖലകളിലും സ്വാധീനം നിലനിര്‍ത്താന്‍ ബിജെപിക്കായി. എക്സിറ്റ് പോള്‍ വിജയം പ്രവചിച്ച കോണ്‍ഗ്രസ് ഹരിയാനയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. വോട്ടെണ്ണല്‍ തുടങ്ങിയ ഘട്ടത്തില്‍ അന്‍പതിലേറെ സീറ്റുകളില്‍ മുന്നേറി കോണ്‍ഗ്രസ് പ്രതീക്ഷ നിലനിര്‍ത്തി. ഐഐസിസി ആസ്ഥാനത്തടക്കം ആഘോഷങ്ങള്‍ തുടങ്ങുകയും ചെയ്തു. Also Read: ഹരിയാന പിടിക്കാന്‍ ബിജെപിയെ തുണച്ച് ‘അഹിര്‍വാള്‍ ബെല്‍റ്റ്’...

 

 

തുടക്കത്തില്‍ പിന്നില്‍ പോയ ബിജെപി അഞ്ചും ആറും റൗണ്ടുകളിലേക്ക് വോട്ടെണ്ണല്‍ കടന്നപ്പോള്‍ ലീഡ് നില മെച്ചപ്പെടുത്തി . ഒരുഘട്ടത്തില്‍ നാല്‍പത്തൊന്നു സീറ്റുകളില്‍ ലീഡ് നേടി കോണ്‍ഗ്രസും  ബിജെപിയും ഒപ്പത്തിനൊപ്പമായിരുന്നു. അതുവരെ പ്രതീക്ഷ നിലനിര്‍ത്തിയ കോണ്‍ഗ്രസിന് പക്ഷേ പിന്നെ തിരിച്ചുകയറാനായില്ല. നിലമെച്ചപ്പെടുത്തിയ ബിജെപി ലീഡ് അന്‍പത് സീറ്റുകള്‍ക്ക് മുകളിലേക്ക് ഉയര്‍ത്തി. കോണ്‍ഗ്രസ് 35ലേക്ക് കൂപ്പുകുത്തുകയും ചെയ്തു. സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് ഭുപീന്ദര്‍ സിങ് ഹൂഡ ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും ബിജെപി കേവലഭൂരിപക്ഷം സ്വന്തമാക്കിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. ഏറെ നേരം പിന്നില്‍ നിന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് ജുലാന മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കയറിയത് പരാജയത്തിലും കോണ്‍ഗ്രസിന് ആശ്വാസമായി.

പ്രത്യേക പദവി എടുത്തുകളഞ്ഞതിന്‍റെ ഹിതപരിശോധനയായി ജമ്മു കാശ്മീരിലെ തിരഞ്ഞെടുപ്പ്. കേന്ദ്രസര്‍ക്കാരിന്‍റെ നടപടിയോട് യോജിപ്പില്ലെന്ന്  ജനങ്ങള്‍ വിധിയെഴുതി . കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ജമ്മു കശ്മീരില്‍ ഭരണം നേടുമെന്ന് ഉറപ്പായി. ബിജെപി മുപ്പതോളം സീറ്റുകളില്‍ ജയിച്ചു കയറിയതും പത്ത് സ്വതന്ത്രരുടെ സാന്നിധ്യവും ആശങ്കയുയര്‍ത്തുന്നുണ്ടെങ്കിലും ഭരണം കയ്യാളാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇന്ത്യാസഖ്യം.

ENGLISH SUMMARY:

BJP Set For Biggest Haryana Win, National Conference Carries Congress In J&K