ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കിയ മല്‍സരമായിരുന്നു ജുലാന മണ്ഡലത്തില്‍ വിനേഷ് ഫോഗട്ടിന്‍റേത്. ഒടുവില്‍ ആറായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന്‍റെ ജയം. രാഷട്രീയ ഗോദയും തനിക്ക് വഴങ്ങുമെന്ന് വിനേഷ് തെളിയിക്കുമ്പോള്‍ വിനേഷിന്‍റെ വ്യക്തി പ്രഭാവത്തിലൂടെ മണ്ഡലം തിരിച്ചു പിടിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി തേരോട്ടത്തിനിടയിലും ജാട്ട്മേഖലയിലെ വിനേഷിന്‍റെ വിജയം കോണ്‍ഗ്രിന് മധുരമാവുകയാണ്.
വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചതെങ്കിലും ഒരു ഘട്ടത്തില്‍ വിനേഷ് പിന്നോട്ടുപോകുകയായിരുന്നു. എന്നാല്‍ ഒടുവില്‍ ഫലം വരുമ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷിനെ തിരഞ്ഞെടുപ്പ് ഗോദയില്‍ മലര്‍ത്തിയടിച്ച് വിനേഷ് തിരികെയെത്തി.
പാരീസ് ഒളിമ്പിക്സില്‍ ഫൈനലിലെത്തി, എന്നാല്‍ ഭാര ക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട വിനേഷിന്‍റെ കണ്ണീരൊപ്പാന്‍ കൂടെ നിന്ന ജനം ഒരിക്കല്‍ക്കൂടി ഒപ്പമുണ്ടെന്ന് തെളിയിക്കുന്നതായി വിജയം. പാരീസില്‍ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ ഗുസ്തിയില്‍ നിന്ന് വിരമിച്ച താരം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. പിന്നാലെ തിരിച്ചടികളില്‍ തളരാതെ തിരഞ്ഞെടുപ്പ് ഗോദയിലേക്കും. ജൂലാനയിലെ ജനങ്ങളുടെ സ്നേഹം തിരഞ്ഞെടുപ്പിൽ തുണയ്ക്കുമെന്നാണ് ആദ്യം മുതല്‍ വിനേഷ് പങ്കുവച്ചിരുന്ന പ്രതീക്ഷ. ആ പ്രതീക്ഷയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായതും.
അതേസമയം, വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഹരിയാനയില്‍ ബിജെപി ഹാട്രിക്കിലേക്കടുക്കുകയാണ്. അമ്പത് സീറ്റില്‍ ബിജെപി ലീഡ് ഉയര്‍ത്തി കഴിഞ്ഞു. ഒരുഘട്ടത്തില്‍ അമ്പത് സീറ്റിന് മുകളില്‍ ലീഡ് നേടിയ കോണ്‍ഗ്രസ് ഹരിയാനയില്‍ ഭരണം പിടിക്കുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. സാവധാനം മുന്നേറിയ ബിജെപി കോണ്‍ഗ്രസിനെ മറികടന്നു.