ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ നേട്ടം നാഷണല്‍ കോണ്‍ഫറന്‍സിന്. സഖ്യത്തിന് ലഭിച്ച 49 ല്‍ 41 സീറ്റും എന്‍.സിയുടെ സംഭാവനയാണ്. അതേസമയം ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടു.  കശ്മീര്‍ മേഖലയില്‍ ഒരുസീറ്റുപോലും നേടാനായില്ല. കഴിഞ്ഞതവണ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച പി.ഡി.പിയും പച്ചപിടിച്ചില്ല. 

 പ്രത്യേക പദവി റദ്ദാക്കിയതിലൂടെ കശ്മീരില്‍ ഭീകരവാദം അമര്‍ച്ചചെയ്തെന്നും സമാധാനം പുനഃസ്ഥാപിച്ചെന്നുമായിരുന്നു ബി.ജെ.പിയുടെ പ്രധാന അവകാശവാദം.  ആഭ്യന്തര മന്ത്രി അമിത് ഷാ തുടര്‍ച്ചയായി ക്യാംപ് ചെയ്ത് പ്രചാരണവും നടത്തി. എന്നാല്‍ കശ്മീര്‍ മേഖലയില്‍ ബി.ജെ.പിക്ക് നിലംതൊടാനായില്ല. മല്‍സരിച്ച 19 സീറ്റിലും പരാജയപ്പെട്ടു. എന്നാല്‍ ജമ്മുവില്‍ കഴിഞ്ഞ തവണത്തെ പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചുവെന്ന് ആശ്വസിക്കാം. 2014 ല്‍ ബി.ജെ.പിയുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിച്ച പി.ഡി.പിക്കാണ് ഇത്തവണ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. കഴിഞ്ഞ തവണ 28 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ പി.ഡി.പി മൂന്ന് സീറ്റില്‍ ഒതുങ്ങി. സഖ്യമായാണ് മല്‍സരിച്ചതെങ്കിലും ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടമില്ല. സഖ്യത്തിന് ലഭിച്ച 49 ല്‍ 41 സീറ്റും നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ അക്കൗണ്ടിലാണ്. എങ്കിലും കേവല ഭൂരിപക്ഷം ഉറപ്പിക്കാനായത് സഖ്യത്തിന്‍ ആശ്വാസം നല്‍കുന്നു. നിയമസഭയിലേക്ക് ഗവര്‍ണര്‍ അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്താല്‍ പോലും ബി.ജെ.പിക്ക് ഇനി സര്‍ക്കാരുണ്ടാക്കാന്‍ പ്രയാസമാകും.

National conference alliance has won in Jammu: