ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യവും എന്‍.ഡി.എയും തമ്മിലാണ് മല്‍സരമെങ്കിലും യഥാര്‍ഥ പോരാട്ടം ജെ.എം.എമ്മും ബി.ജെ.പിയും തമ്മിലാണ്. ഹേമന്ത് സോറന്‍റെ തിരിച്ചുവരവിലാണ് ജെ.എം.എമ്മിന്‍റെ പ്രതീക്ഷ. ഹരിയാന വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ചംപയ് സോറന്‍റെ ബി.ജെ.പി പ്രവേശം സ്വാധീനമുണ്ടാക്കുമോയെന്നതും ഇത്തവണത്തെ ആകാംക്ഷയാണ്. 

ഭൂമി കുംഭകോണക്കേസില്‍ ജാമ്യം നേടി മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തിയ ഹേമന്ത് സോറനും, ആ തിരിച്ചുവരവില്‍ മുഖ്യമന്ത്രി പദം നഷ്ടമായി മറുകണ്ടം ചാടിയ ചമ്പായ് സോറനും മുഖാമുഖം നില്‍ക്കുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മുഖമായിരുന്ന രണ്ടുനേതാക്കള്‍ തമ്മിലുള്ള പോരാട്ടത്തില്‍ പ്രതീക്ഷ ഇരുപക്ഷത്തിനുമുണ്ട്. ചമ്പായ് സോറനെ പാളയത്തിലെത്തിച്ച ബി.ജെ.പി ആദിവാസി വോട്ടുകള്‍ അനുകൂലമാക്കി ഭരണത്തില്‍ തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 28 ശതമാനത്തോളമുള്ള ആദിവാസി വിഭാഗങ്ങളുടെ വോട്ട് പരമ്പരഗതമായി ജെ.എം.എമ്മിന് അനുകൂലമായിരുന്നു.  ഈ വോട്ടുകള്‍ ഭിന്നിപ്പിച്ചും ഇതര വിഭാഗങ്ങളെ ഒപ്പം നിര്‍ത്തിയും ഹരിയാനയിലേതിനുസമാനമായി തന്ത്രം പയറ്റാനാണ് നീക്കം.

അതേസമയം, വികസന, ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് ആദിവാസി വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ജെ.എം.എം. ഹരിയാന ആവര്‍ത്തിക്കപ്പെടുമോയെന്ന് കോണ്‍ഗ്രസിനുമാത്രമല്ല ജെ.എം.എമ്മിനും ആശങ്കയുണ്ട്. അതിനാല്‍ കരുതലോടെയാകും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം. ഹേമന്ത് സോറനെതിരായ ഭൂമികുംഭക്കോണക്കേസടക്കം സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ബി.ജെ.പി പ്രചാരണ വിഷയമാക്കുമ്പോള്‍ കേന്ദ്രം വേട്ടയാടുന്നുവെന്നാണ് ജെ.എം.എമ്മിന്‍റെ പ്രതിരോധം. ഹേമന്ത് സോറനൊപ്പം ഭാര്യ കല്‍പന സോറനെയും മുന്‍നിര്‍ത്തിയാകും പ്രചാരണം. സഖ്യത്തിലെ രണ്ടാംകക്ഷിയായ കോണ്‍ഗ്രസിന്‍റെ പ്രകടനവും നിര്‍ണായകമാവും. 

ENGLISH SUMMARY:

In Jharkhand, while the competition is between the INDIA alliance and the NDA, the real battle is between the JMM and the BJP. The JMM's hopes rest on the return of Hemant Soren, while the BJP is fueled by the confidence from their victory in Haryana. One of the key points of interest this time is whether Champai Soren's entry into the BJP will have a significant impact.