maharshtra-assembly-election-24

ഇരുമുന്നണികളും ബലാബലം നില്‍ക്കുന്ന മഹാരാഷ്ട്രയെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം. ക്ഷേമരാഷ്ട്രീയം ഉയര്‍ത്തി ബി.ജെ.പി സഖ്യമായ മഹായുതിയും പാര്‍ട്ടികളെ പിളര്‍ത്തിയതിന്‍റെ ചതി ചര്‍ച്ചയാക്കി മഹാവികാസ് അഘാഡിയും കളത്തില്‍ നിറയുന്നു.

പാര്‍ട്ടികളെ പിളര്‍ത്തിയതിന് ശേഷം ആദ്യം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മറാഠാ മണ്ണില്‍ മഹായുതിയുടെ കണ്ണീര്‍  വീഴ്ത്തിയിരുന്നു. 48ല്‍ 31 സീറ്റുകളും സഖ്യത്തിന് നഷ്ടപ്പെട്ടു. മറാഠാ സംവരണ പ്രക്ഷോഭം മുതല്‍ സവാളാ കര്‍ഷകരുടെ പ്രതിഷേധം വരെ എതിരായി. അങ്ങനെയാണ് ക്ഷേമ രാഷ്ട്രീയത്തിലേക്ക് തിരിയുന്നത്. 1500 രൂപ പ്രതിമാസം സ്ത്രീകളുടെ അക്കൗണ്ടുകളിലെത്തുന്ന ലാഡ്‍കി ബഹിന്‍ യോജനയാണ് ഇത്തവണ തുറുപ്പ് ചീട്ട്. സൗജന്യ ഗ്യാസ് സിലിണ്ടറുകളും ടോള്‍ ഒഴിവാക്കിയ നീക്കവും തീരദേശ റോഡും മെട്രോയും ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിന്‍റെ മേന്‍മയായി മുന്നോട്ടുവയ്ക്കുകയാണ് സഖ്യം.

അതേസമയം, ഒറ്റക്കെട്ടാണെന്ന പ്രതീതിയുണ്ടാക്കാന്‍ മഹാവികാസ് അഘാഡിക്കായിട്ടുണ്ട്. ലോക്സഭയില്‍ നേട്ടമുണ്ടാക്കിയതിന്‍റെ ഊര്‍ജം ചെറുതല്ല. ഉദ്ധവിന്‍റെ ശിവസേനയ്ക്കും ശരദ് പവാറിന്‍റെ എന്‍സിപിക്കും മാത്രമല്ല വല്യേട്ടനെന്ന് പലപ്പോഴും അവകാശപ്പെടാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനും ശക്തി തെളിയിച്ചേ മതിയാകൂ. ഖജനാവ് കാലിയാക്കുന്ന പൊള്ളയായ വികസന നാട്യം പൊളിക്കുമെന്നാണ് ഇവരുടെ നിലപാട്.

ചാഞ്ചാടി നില്‍ക്കുന്ന അജിത് പവാറിന്‍റെ നീക്കങ്ങള്‍‌ മഹായുതിക്ക് വെല്ലുവിളിയാണ്. ശരദ് പവാര്‍ ക്യാംപിലേക്ക് നേതാക്കളുടെ തിരിച്ചുപോക്ക് തുടങ്ങിയിട്ടുണ്ട്. ഹരിയാന ഫലത്തിന്‍റെ ഇഫക്റ്റിന് ബിജെപി ക്യാംപ് കാര്യമായ ഊന്നല്‍ കൊടുക്കുന്നില്ല. ഇക്കുറി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിന്‍റെ മുഖമാകുമെന്നും പറയാനാകില്ല. ഏതാണ്ട് ഒരുമാസം മാത്രം സമയം. ആദ്യ സ്ഥാനാര്‍ഥി പട്ടിക ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തിറങ്ങും. ആറ് മേഖലകളായി തിരിച്ചുള്ള സംസ്ഥാനത്തെ 288 സീറ്റുകളില്‍ മുന്നണികള്‍ക്ക് പ്രചാരണം അതിവേഗം പൂര്‍ത്തിയാക്കണ്ടതുണ്ട്. ഇരുപാര്‍ട്ടികളിലും തിരഞ്ഞടുപ്പ് ചുമതല വഹിക്കുന്ന മലയാളി നേതാക്കളുണ്ട് എന്നതാണ്‌ ഇത്തവണത്തെ പ്രത്യേകത.

ENGLISH SUMMARY:

Maharashtra is set for a fierce battle, with both major alliances standing strong. The BJP-led MahaYuti is focusing on welfare politics, while the Maha Vikas Aghadi is centering its campaign on the treachery behind the splitting of parties.