k-surendran-high-court-2

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന് തിരിച്ചടി.  കെ.സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കാസര്‍കോട് ജില്ലാ പ്രിൻസിപ്പൽ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സെഷൻസ് കോടതി ഉത്തരവിനെതിരേ സർക്കാർ ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ സമർപ്പിച്ചിരുന്നു. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ജില്ലാകോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം.

2021ലെ മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ, ഒന്നാംപ്രതി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. കേസ് രാഷ്ട്രീയ ലക്ഷ്യം വച്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സുരേന്ദ്രനും ബിജെപിയുടെ നേതാക്കളായ മറ്റു 5 പ്രതികളും നൽകിയ വിടുതൽ ഹർജി അനുവദിച്ചു കൊണ്ടാണ് കാസര്‍ഗോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സാനു എസ്.പണിക്കരുടെ വിധി.  എൽഡിഎഫ് സ്ഥാനാർഥി വി.വി.രമേശനായിരുന്നു പരാതിക്കാരൻ. എൽഡിഎഫ് സ്ഥാനാർഥി നൽകിയ പരാതിയിൽ എടുത്ത കേസ് രാഷ്ട്രീയലക്ഷ്യംവച്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് 2023 സെപ്റ്റംബറിൽ നൽകിയ വിടുതൽ ഹർജിയിലായിരുന്നു സെഷന്‍സ് കോടതി വിധി. 

ബിഎസ്പി സ്ഥാനാർഥി കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലി‍ൽ വച്ച് ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കുകയും കോഴയായി 2.5 ലക്ഷം രൂപയും മൊബൈൽ ഫോണും നൽകുകയും ചെയ്തുവെന്നാണ് കേസ്. ബിജെപി സംസ്ഥാന സമിതി അംഗം വി.ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ. മണികണ്ഠ റായ്, വൈ.സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികൾ. പട്ടികജാതി– പട്ടിക വർഗ അതിക്രമങ്ങൾ തടയൽ നിയമം, ഭീഷണിപ്പെടുത്തൽ, തടങ്കലിൽ വയ്ക്കൽ, തിരഞ്ഞെടുപ്പ് കൈക്കൂലി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 2023 ജനുവരി 10ന് ആണ് ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കോടതിയിൽ കുറ്റപത്രം നൽകിയത്.

Google News Logo Follow Us on Google News

ENGLISH SUMMARY:

Setback for K Surendran highcourt stays order discharging bjp leader election bribery case