ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര എംഎൽഎയടക്കം അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തിരഞ്ഞെടുപ്പ് സഖ്യത്തിന്‍റെ ഭാഗമായിരുന്ന കോൺഗ്രസ് സർക്കാരിന്‍റെ ഭാഗമല്ല. പുറത്തുനിന്ന് സർക്കാരിന് പിന്തുണ നൽകും.
ശ്രീനഗറിലെ ഷേർ-ഇ-കശ്മീരി ഇന്‍റര്‍നാഷണല്‍ കൺവൻഷൻ സെന്‍ററില്‍ നടന്ന ചടങ്ങിൽ ഇന്ത്യാ സഖ്യ നേതാക്കളെ സാക്ഷി നിർത്തിയായിരുന്നു ഒമർ അബ്ദുല്ലയുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രി സ്ഥാനത്ത് ഒമർ അബ്ദുല്ലയ്ക്ക് ഇത് രണ്ടാം ഊഴമാണ്. ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്നയെ പരാജയപ്പെടുത്തിയ സുരിന്ദർ ചൗധരി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സകീന ഇത്തൂവാണ് ഏക വനിതാ മന്ത്രി.
ജാവേദ് അഹ്‌മദ് റാണ, ജാവേദ് അഹ്‌മദ് ധാർ, സതീഷ് ശർമ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ. കോൺഗ്രസ് സർക്കാരിന്റെ ഭാഗമാകില്ല. കേവലം ആറ് എംഎൽഎമാരുള്ള കോൺഗ്രസ് മൂന്നു മന്ത്രിസ്ഥാനം ചോദിച്ചെങ്കിലും ഒരുമന്ത്രിസ്ഥാനം മാത്രമായിരുന്നു നാഷനൽ കോൺഫറൻസ് വാഗ്ദാനം. സംസ്ഥാന പദവി നൽകാത്തത് കൊണ്ടാണ് സർക്കാരിൽ ചേരാത്തതെന്നും ബിജെപിക്കെതിരെ പോരാടുമെന്നും ജമ്മു കശ്മീർ പിസിസി പ്രസിഡന്‍റ് താരീഖ് ഹമീദ് കാര പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യഥാവടക്കം ഇന്ത്യ സെകത്തിലെ മുതിർന്ന നേതാക്കൾ എല്ലാം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.