ദേശീയ ബാലാവകാശ കമ്മീഷന്‍റെ കത്തുണ്ടാക്കിയ പ്രതിഷേധങ്ങള്‍ക്കിടെ മദ്രസകളില്‍ സംസ്കൃതം പഠിപ്പിക്കാനൊരുങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഇതിനായി സംസ്കൃത വകുപ്പുമായി ഉടന്‍ ധാരണപത്രം ഒപ്പിടും. മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ മുഖ്യധാരാ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുകയെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹത്തിനനുസരിച്ചാണ് നടപടി എന്ന് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് പ്രതികരിച്ചു. 

മദ്രസകളില്‍ മതപഠനം മാത്രമാകുന്നു എന്നും കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നുമുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നടപടി. സംസ്ഥാനത്തെ 416 മദ്രസകളിലായുള്ള 7000 കുട്ടികളെ സംസ്കൃതം പഠിപ്പിക്കാനാണ് തീരുമാനം. ഇതിനായി സംസ്കൃത വകുപ്പുമായി ധാരണ പത്രം ഒപ്പുവക്കുന്നതിനുള്ള നടപടികള്‍ മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് പൂര്‍ത്തിയാക്കി. കംപ്യൂട്ടര്‍ പഠനവും ഇതിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദ്രസ പാഠ്യപദ്ധതി സമ്പന്നമാക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം. മദ്രസകളില്‍ എന്‍സിഇആര്‍ടി സിലബസ് അവതരിപ്പിച്ചിരുന്നു എന്നും ഈ വര്‍ഷം 95 ശതമാനത്തിലധികം വിജയം ഉണ്ടായി എന്നും മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമാണെന്നാണ് മുസ്ലിം സംഘടനകളുടെ പ്രതികരണം.

Uttarakhand madrasa board for sanskrit studies in Madrasas: