രണ്ട് മണ്ഡലങ്ങളിലും ഇപ്പോള്‍ ഡി.എം.കെ. സ്ഥാനാര്‍ഥികള്‍ തുടരുമെന്ന് പി.വി. അന്‍വര്‍. പാലക്കാട് മണ്ഡലത്തില്‍ അന്തിമ തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വതന്ത്രചിഹ്നത്തില്‍ മല്‍സരിച്ചാല്‍ പിന്തുണയ്ക്കും. ചേലക്കരയില്‍ രമ്യയെ ആര്‍ക്കും ഇഷ്ടമില്ല, അവിടെ ഇനി ചര്‍ച്ചയില്ല. 

ഡി.എം.കെയുടെ മുന്നേറ്റം തടയാന്‍ വി.ഡി. സതീശനാകില്ല. പ്രിയങ്കയ്ക്ക് താന്‍ കൊടുത്ത പിന്തുണയ്ക്ക് സതീശന്റെ അച്ചാരം വേണ്ട. പാലക്കാട്ടും ചേലക്കരയിലും സതീശന്‍ വലിയ വില നല്‍കേണ്ടിവരും. ബി.ജെ.പി ജയിക്കുന്നതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ ഇടേണ്ട. സതീശന്റെ അത്ര ബുദ്ധിയില്ല, എന്നാല്‍ സതീശന്റെ അത്ര പൊട്ടനല്ല. കോണ്‍ഗ്രസില്‍ നിന്നും സി.പി.എമ്മില്‍ നിന്നും വോട്ട് ബി.ജെ.പിക്ക് പോകുമെന്നും അന്‍വര്‍ മാധ്യമങ്ങളോടു പറഞ്ഞു.  

Read Also: അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍ മതി: സതീശന്‍

പി.വി.അന്‍വര്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും  സൗകര്യമുണ്ടെങ്കില്‍ പിന്തുണച്ചാല്‍ മതിയെന്നുമുള്ള വി.ഡി സതീശന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു എംഎല്‍എ. രമ്യയെ പിന്‍വലിക്കണം എന്ന തരത്തിലുള്ള ഉപാധി വലിയ തമാശയെന്നും സതീശന്‍ പരിഹസിച്ചു.  പി.വി.അന്‍വര്‍ ജനാധിപത്യചേരിയില്‍ നില്‍ക്കണമെന്നും അങ്ങനെയെങ്കില്‍ ഭാവി രാഷ്ട്രീയം അദ്ദേഹത്തിന് ഭദ്രമാക്കാമെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നിലപാട്. 

പി.വി.അന്‍വര്‍ യു.ഡ‍ി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്ന് മുസ്‌‌ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. വര്‍ഗീയചേരിയെ തോല്‍പിക്കുന്ന കാര്യത്തില്‍ അന്‍വറിനും സമാനനിലപാടാണെന്നും അനുകൂലതീരുമാനം പ്രതീക്ഷിക്കുന്നുവെന്നും പി.എം.എ.സലാം പറഞ്ഞു.  രമ്യയെ പിന്‍വലിക്കണമെന്ന ആവശ്യം ലീഗും തള്ളി

പി.വി.അന്‍വറിന്റെ ഡിമാന്റുകളൊന്നും യുഡിഎഫ് അംഗീകരിക്കാന്‍ പോകുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. യുഡിഎഫിന് ജയിക്കാന്‍ അന്‍വറിന്റെ പിന്തുണയൊന്നും വേണ്ട. ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. അന്‍വര്‍ വഴിമുടക്കിയാകരുതെന്നെ വിചാരിച്ചുള്ളൂ. വോട്ട് വിഘടിച്ചുപോകരുതെന്നാണ് ഉദ്ദേശ്യമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ മനോരമന്യൂസിനോട് പറഞ്ഞു.

അതേസമയം, പി.വി.അന്‍വറിന് പാലക്കാടും ചേലക്കരയും സ്വാധീനമില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. അന്‍വറിനുവേണ്ടി യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ല. അന്‍വറിന് സ്വാധീനമുള്ള വയനാട്ടില്‍ പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

ENGLISH SUMMARY:

PV Anwar MLA against VD Satheesan