കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി. ദിവ്യക്കെതിരെ കര്‍ശന നടപടിയെന്ന് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അന്വേഷണത്തില്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി. അധ്യക്ഷപ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ ആദ്യപ്രതികരണമാണിത്.
Read Also: പി.പി.ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരില്‍ പ്രതിഷേധ പരമ്പര; സംഘർഷം
അതേസമയം, നവീൻ ബാബു ആത്മഹത്യ ചെയ്ത് ഒരാഴ്ച്ചയായിട്ടും പി.പി. ദിവ്യയെ തൊടാന്‍ പൊലീസ് തയ്യാറായിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷയുടെ ആനുകൂല്യത്തിൽ ദിവ്യയുടെ അറസ്റ്റ് വൈകിപ്പിക്കുകയാണ് അന്വേഷണ സംഘം . ദിവ്യയുടെ ജാമ്യാപേക്ഷ ഈ മാസം 24ലേക്ക് മാറ്റി. നവീന്റെ കുടുംബം ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു.
ഈ മാസം 15ന് രാവിലെ ആയിരുന്നു ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ നവീൻ ബാബുവിനെ കണ്ടെത്തിയത്. ഇന്നേക്ക് കൃത്യം ഏഴുദിവസം . 17 നാണ് ദിവ്യയെ പ്രതിചേർക്കാൻ പൊലീസ് തയ്യാറായത്. എന്നാൽ പ്രതിപട്ടികയിലെ ഏക വ്യക്തിയെ തൊടാൻ പൊലീസ് ധൈര്യപ്പെടുന്നില്ല. മൊഴി എടുക്കാൻ പോലും തയ്യാറായില്ല ഇതുവരെ . പൊലീസ് സ്റ്റേഷനിന്റെ മുമ്പിലുള്ള ജില്ലാ പഞ്ചായത്ത് ഓഫീസിൽ രാജിക്കത്ത് നൽകാൻ ദിവ്യ രഹസ്യമായി വന്നതും പൊലീസ് കണ്ടില്ലെന്ന് നടിച്ചു. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദം ആണെന്ന് വ്യക്തം. നടപടി വൈകിപ്പിക്കുന്നതിൽ വ്യക്തമായ മറുപടി പൊലീസിനില്ല. അതിനിടെ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഇന്നും ചേംബറിലെത്തി . സത്യം പുറത്തു വരുമെന്നും താൻ കൃത്യമായി മൊഴി കൊടുത്തെന്നും കലക്ടർ പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയിൽ മുഖ്യമന്ത്രിയെ പിണറായിയിലെ വീട്ടിലെത്തി സന്ദർശിച്ചത് സ്വാഭാവിക കൂടിക്കാഴ്ചയാണെന്നും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അല്ലെന്നും കലക്ടർ വിശദീകരിച്ചു.