ഐ.എന്‍.എല്‍ സ്ഥാപക നേതാവും 35 വര്‍ഷക്കാലം പാര്‍ലമെന്റിലെ ന്യൂനപക്ഷ മുഖവുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ പത്താം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ലീഗുകാര്‍ തമ്മിലുള്ള വൈര്യം കുറയ്ക്കുമോ.? സേട്ടിന്റെ ജന്‍മദേശമായ ബെംഗളുരുവില്‍ നവംബര്‍ മൂന്നിനു നടക്കുന്ന സെമിനാറിലെ മുഖ്യപ്രഭാഷകന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്്ലിം ലീഗിന്റെ ദേശീയ സംഘടനാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയാണ്.
ഇടിക്കു പുറമെ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി സിറാജ് സെയ്ദും പ്രഭാഷകരുടെ പട്ടികയിലുണ്ട്. ബെംഗളുരു കാമരാജ് റോഡിലെ കച്ചി മേമന്‍ ഹാളിലാണു പരിപാടി. ഐ.എന്‍.എല്ലും പാര്‍ട്ടിയുടെ കേരളത്തിനു പുറത്തുള്ള സംഘടനയായ ഐ.എം. സി.സിയുമാണു പരിപാടി സംഘടിപ്പിക്കുന്നത്. ഇ.ടിക്കു പുറമെ മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ടി. ജലീല്‍, ജോണ്‍ ബ്രിട്ടാസ് എം.പി., കര്‍ണാടക സ്പീക്കര്‍ യു.ടി. കാദര്‍, വക്കഫ്– ഹൗസിങ് വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ ടി.പി. ചെറൂപ്പ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കുമെന്നു ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി( ഇരിക്കൂര്‍ വിഭാഗം) കാസിം ഇരിക്കൂര്‍ പറഞ്ഞു.
സെമിനാറിന്റെ ഭാഗമായി നവംബര്‍ മൂന്നിനു ഐ.എന്‍.എല്‍ ദേശീയ കൗണ്‍സില്‍ യോഗം ബെംഗളുരുവില്‍ നടക്കും. ഉപതിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നിലപാടുകളടക്കം യോഗത്തില്‍ ചര്‍ച്ചയാവും. കൂടാതെ മഹാരാഷ്ട്ര ജാര്‍ഖണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ നിലപാടും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. കൂടാതെ ഐ.എന്‍.എല്ലിന്റെ വനിതാ വിഭാഗം ദേശീയ കമ്മിറ്റി തിരഞ്ഞെടുപ്പുമുണ്ടാകും.
കേരളത്തില്‍ നിന്ന് 600 പേര്‍ പങ്കെടുക്കുമെന്നാണ് നേതാക്കളുടെ അവകാശവാദം. അതേ സമയം അധികാരത്തര്‍ക്കത്തെ തുടര്‍ന്നു ഭിന്നിച്ചു നില്‍ക്കുന്ന വഹാബ് പക്ഷം നേതാക്കളെയോ അണികളോയെ സ്ഥാപക നേതാവ് അനുസ്മരണത്തിലേക്കു ക്ഷണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.