rahul-gandhi-bjp

രാഹുല്‍ ഗാന്ധി വിതരണം ചെയ്ത ഭരണഘടനയുടെ കോപ്പികളില്‍ ആമുഖം മാത്രമേയുള്ളൂവെന്നും ബാക്കി  ശൂന്യമായ പേജുകളാണെന്നും ബിജെപി. പുസ്തകത്തിലെ പ്രിന്‍റ് ചെയ്യാത്ത പേജുകള്‍ അടങ്ങുന്ന ദൃശ്യങ്ങള്‍  മഹാരാഷ്ട്ര ബിജെപി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നാഗ്പൂരിലെ ഭരണഘടന സംരക്ഷണ പരിപാടിയില്‍  രാഹുല്‍  വിതരണം ചെയ്ത 'ഇന്ത്യൻ ഭരണഘടന' എന്ന് എഴുതിയ പുസ്തകങ്ങളെ ചൊല്ലിയാണ് വിവാദം . .  ബിജെപിക്കെതിരെ ആഞ്ഞടിച്ച കോൺഗ്രസ് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന്  ആക്ഷേപിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നോട്ട്ബുക്കും പേനയും നൽകിയിരുന്നു.  ഇതാണ് കാലിപുസ്തകമായി ചിത്രീകരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ വ്യക്തമാക്കി. 

മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഭരണകക്ഷിയായ ബി.ജെ.പി  വിഷയം രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ആക്രമിക്കാനുള്ള രാഷ്ട്രീയ ആയുധമാക്കി എടുത്തത്. രാഹുല്‍  സംവരണ വിരുദ്ധനും ഭരണഘടനാ വിരുദ്ധനുമാണെന്ന് ബിജെപി ആരോപിച്ചു. ‘ഇന്ത്യൻ ഭരണഘടനയെ ഇല്ലാതാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു.   കോണ്‍ഗ്രസ് വന്നാല്‍ അംബേദ്കർ എഴുതിയ എല്ലാ നിയമങ്ങളും നീക്കം ചെയ്യപ്പെടുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്  പറഞ്ഞഉ. ‘രാഹുൽ ഗാന്ധി സ്ഥിരമായി ഇത്തരം നാടകങ്ങളിൽ ഏർപ്പെടുന്നു. അദ്ദേഹം ദിവസവും ഭരണഘടനയെ ഏതെങ്കിലും തരത്തിൽ  അപമാനിക്കുന്നു.’ എന്നും ഫഡ്നാവിസ് കുറ്റപ്പെടുത്തി.

അതേസമയം ബിജെപി തെറ്റായ പ്രചരണമാണ് നടത്തുന്നതെന്നായിരുന്നു മഹാരാഷ്ട്ര കോൺഗ്രസിന്‍റെ വാദം.  ഒരു ശൂന്യമായ പുസ്തകത്തിൽ ഭരണഘടനയുടെ പുറംചട്ട പതിപ്പിച്ച് തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു . ‘ഭരണഘടനയെ സംരക്ഷിച്ചവർക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ഭരണഘടന ഇല്ലാതാക്കുകയാണ്  ബിജെപിയുടെ തന്ത്രം. എന്നാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഭരണഘടനാ സ്‌നേഹികളായ ജനങ്ങൾ ബിജെപിയുടെ ഈ കുതന്ത്രം വിജയിക്കാൻ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ENGLISH SUMMARY:

BJP has alleged that the copies of the constitution distributed by Rahul Gandhi only have the preamble