സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ട് വൻ വാഗ്ദാനങ്ങളുമായി മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയുടെ പ്രകടന പത്രിക. സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപയും തൊഴിലില്ലാത്ത യുവാക്കൾക്ക് മാസം 4000 രൂപയും നൽകുമെന്നാണ് ഉറപ്പ്. ജാതി സെൻസസിനും പത്രികയിൽ ഊന്നൽ നൽകുന്നു.
കർണാടക മാതൃകയിൽ ക്ഷേമ പദ്ധതികളുടെ മോഡൽ തന്നെയാണ് മഹാരാഷ്ട്രയിൽ പ്രതിപക്ഷം അവതരിപ്പിക്കുന്നത്. 1500 രൂപയുടെ ലാഡ്കി ബഹിൻ യോജന 2100 രൂപയാക്കുമെന്ന് ഭരണപക്ഷം ഉറപ്പ് നൽകിയതിന് പിന്നാലെ പ്രതിപക്ഷത്തിൻ്റെ നീക്കം. മഹാലക്ഷ്മി യോജന എന്ന പേരിൽ 3000 രൂപ പ്രതിമാസം നൽകുമെന്ന് വാഗ്ദാനം. സ്ത്രീകൾക്ക് സൌജന്യ ബസ് യാത്രയും ഉറപ്പാക്കും. തൊഴിലില്ലാത്ത യുവാക്കൾക്ക് 4000 രൂപ പ്രതിമാസ സഹായം, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, കാർഷിക കടം 13 ലക്ഷം വരെ എഴുതിതള്ളുന്ന പദ്ധതി എന്നിവയാണ് മറ്റ് വാഗ്ദാനങ്ങൾ. സംസ്ഥാനത്ത് ജാതി സെൻസസ് യഥാർഥ്യമാക്കും. മുംബൈ ബികെസി ഗ്രൌണ്ടിൽ നടന്ന ആദ്യ തിരഞെടുപ്പ് റാലി പ്രതിപക്ഷ സഖ്യത്തിൻ്റെ ശക്തിപ്രകടന വേദിയായി മാറി. ശരദ് പവാർ , ഉദ്ധവ് താക്കറെ എന്നിവർക്ക് ഒപ്പം സമാജ് വാദി പാർട്ടി, സിപിഎം എന്നിവരുടെ പ്രതിനിധികളും റാലിയുടെ ഭാഗമായി.