ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 81 അംഗ നിയമസഭയിലെ 43 സീറ്റുകളിലാണ് പോളിങ്. ഗോത്രവര്‍ഗ പ്രദേശങ്ങളായ സൗത്ത് ഛോട്ടാനാഗ്പുര്‍, പലാമു, കോല്‍ഹാന്‍ മേഖലകളിലാണ് ഈ മണ്ഡലങ്ങള്‍. ഇതില്‍ 20 മണ്ഡലങ്ങള്‍ പട്ടികവര്‍ഗ സംവരണവും ആറെണ്ണം പട്ടികജാതി സംവരണവുമാണ്.
മുന്‍മുഖ്യമന്ത്രി ചംപായ് സോറന്‍ സെരായ്കേല മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. ജെഎംഎമ്മിലെ ഗണേഷ് മഹാലിയാണ് എതിരാളി. ഹേമന്ത് സോറന്‍ ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ മുഖ്യമന്ത്രിപദവി ഒഴിയേണ്ടിവന്നതോടെയാണ് ചംപായ് ബിജെപിയില്‍ ചേര്‍ന്നത്. ചംപായ് സോറന്‍റെ മകന്‍ ബാബുലാല്‍ സോറനാണ് ഘാട്സിലയിലെ ബിജെപി സ്ഥാനാര്‍ഥി. സംസ്ഥാനമന്ത്രി രാംദാസ് സോറനെതിരെയാണ് ബാബുലാലിന്‍റെ മല്‍സരം. മുന്‍മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ, മുന്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യ മീര മുണ്ട എന്നിവരും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നു. ഇരുവരും ബിജെപി സ്ഥാനാര്‍ഥികളാണ്.
കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ ഈ 43 നിയമസഭാമണ്ഡലങ്ങളില്‍ 26ലും ബിജെപി ലീഡ് ചെയ്തിരുന്നു. കോണ്‍ഗ്രസിന് 12 സീറ്റിലും ജെഎംഎമ്മിന് 6 സീറ്റിലും ലീഡുണ്ടായിരുന്നു. ലോക്സഭ വോട്ട് വിഹിതം ഇങ്ങനെ. ബിജെപി – 49.88 ശതമാനം, കോണ്‍ഗ്രസ് 22.23 ശതമാനം, ജെഎംഎം – 11.23 ശതമാനം, ആര്‍ജെഡി – 5.45 ശതമാനം.