അടുത്തവര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയില്‍ നേതാക്കളുടെ പാര്‍ട്ടി മാറ്റം സജീവം. സമീപകാലത്ത് ഒരു ഡസനിലേറെ നേതാക്കളാണ് പാര്‍ട്ടി മാറിയത്. കൈലാഷ് ഗെലോട്ടിന്‍റെ ബി.ജെ.പി പ്രവേശമാണ് ഇതില്‍ പ്രധാനം.

ഫെബ്രുവരിയില്‍ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുരക്ഷിത സ്ഥാനങ്ങള്‍ തേടുകയാണ് നേതാക്കള്‍. മന്ത്രിമാര്‍ മുതല്‍ നഗരസഭ കൗണ്‍സിലര്‍മാര്‍വരെയുണ്ട് ഇക്കൂട്ടത്തില്‍.  മന്ത്രിയും മുതിര്‍ന്ന എ.എ.പി നേതാവുമായ കൈലാഷ് ഗെലോട്ടിന്‍റെ ബി.ജെ.പി പ്രവേശനമാണ് ഇതില്‍ ഒടുവിലത്തേത്. ഇ.ഡി, ആദായനികുതി വകുപ്പുകളുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് എ.എ.പി ആരോപിക്കുന്നുണ്ടെങ്കിലും അതിഷിയെ മുഖ്യമന്ത്രിയാക്കിയതിലുള്ള അതൃപ്തി തീരുമാനത്തിന് പിന്നിലുണ്ടെന്ന് വ്യക്തം. മുന്‍ ഡല്‍ഹി മന്ത്രി ഹര്‍ഷരണ്‍ സിങ് ബല്ലി ബി.ജെ.പിയിലേക്ക് തിരിച്ചുപോയത് ഈ മാസം 11 നാണ്.  ഛത്തര്‍പുര്‍ എം.എല്‍.എ കര്‍തര്‍ സിങ് തന്‍വര്‍ ജൂലൈയില്‍ എ.എ.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. 

മുന്‍ ഡല്‍ഹി മന്ത്രിയായ രാജ് കുമാര്‍ ആനന്ദും ഭാര്യയും മുന്‍ എം.എല്‍.എയുമായ വീണ ആനന്ദും തന്‍വറിന്‍റെ വഴി പിന്തുടര്‍ന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ അഞ്ച് എ.എ.പി കൗണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പിയില്‍ നിന്ന് എ.എ.പിയിലേക്കുമുണ്ട് ഒഴുക്ക്. കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായ അനില്‍ ഝാ എ.എ.പിയിലേക്ക് ചേക്കേറി. ഒരാഴ്ച മുന്‍പ് മറ്റൊരു മുന്‍ ബി.ജെ.പി എം.എല്‍.എ. ബ്രഹം സിങ് തന്‍വറും മുന്‍ കൗണ്‍സിലര്‍ ബി.ബി. ത്യാഗിയും എ.എ.പിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസില്‍ നിന്നുമുണ്ട് കൂടുമാറ്റം. മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ സുമേഷ് ഷോക്കീന്‍ കഴിഞ്ഞ ദിവസമാണ് എ.എ.പിയില്‍ ചേര്‍ന്നത്. മുന്‍ എം.എല്‍.എ മതീന്‍ അഹമ്മദും അടുത്തിടെ കോണ്‍ഗ്രസ് വിട്ട് എ.എ.പിയില്‍ എത്തിയിരുന്നു.

ENGLISH SUMMARY:

Party change of leaders is active in Delhi as assembly elections are about to be held; More than a dozen leaders have changed parties in recent times