ഡല്‍ഹിയിലെ സ്കൂളുകള്‍ക്കു നേരെ ബോംബ് ഭീഷണി വരുന്നത് സ്ഥിരം സംഭവമായിരിക്കെ കുട്ടികള്‍ ഇത് അനാവശ്യമായി മുതലെടുക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മൂന്നോളം സ്കൂളുകളില്‍ അതേ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വ്യാജ ബോംബ് സന്ദേശങ്ങളയച്ചു എന്നാണ് ഡല്‍ഹി പൊലീസ് പുറത്തുവിടുന്ന വിവരം.
നവംബര്‍ 28ന് രോഹിണി പ്രശാന്ത് വിഹാറിലെ പിവിആര്‍ മള്‍ട്ടിപ്ലക്സില്‍ സ്ഫോടനമുണ്ടായതിനു പിന്നാലെ വെങ്കടേശ്വര്‍ ഗ്ലോബല്‍ സ്കൂളിലേക്ക് ഒരു ഭീഷണി സന്ദേശമെത്തി. സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ട് എന്നായിരുന്നു ഇ–മെയിലില്‍ വന്ന സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതോടെ പരിഭ്രാന്തരായ സ്കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണം ചെന്നെത്തിയത് അതേ സ്കൂളിലെ വിദ്യാര്‍ഥികളായ സഹോദരങ്ങളിലേക്ക്. ചോദിച്ചപ്പോള്‍ പരീക്ഷ മാറ്റിവയ്ക്കാന്‍ തങ്ങളൊപ്പിച്ച സൂത്രമായിരുന്നുവെന്ന് മറുപടി.
മുന്‍ ദിവസങ്ങളില്‍ കണ്ട വാര്‍ത്തകളിലൂടെയാണ് ഇങ്ങനെയൊരു ആശയം തോന്നിയതെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. ഇവരുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കിയ ശേഷം കുട്ടികളെ വിട്ടയച്ചു. പിന്നീട് നടന്ന പരിശോധനയില്‍ ഈ രണ്ടുപേര്‍ മാത്രമല്ല, പല കുട്ടികളും പരസ്പരം ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. എല്ലാവരുടെയും ആവശ്യം ഒന്നാണ്, സ്കൂള്‍ അടച്ചിടണം.
രോഹിണിയിലും പശ്ചിം വിഹാറിലുമുള്ള സ്കൂളുകളിലാണ് ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. സന്ദേശം പങ്കുവച്ച കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി പൊലീസ് മുന്നറിയിപ്പ് നല്‍കി തിരിച്ചയച്ചു. ഈ വര്‍ഷം മെയ് മാസം മുതല്‍ ഇതുവരെ ഏകദേശം അന്‍പതോളം ബോംബ് ഭീഷണി സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി, വിമാനത്താവളം തുടങ്ങി പലയിടങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇവ. ഈ തലവേദനയ്ക്കിടെയാണ് പൊലീസിന് കുട്ടികളും പണികൊടുക്കുന്നത്.