ഉത്തര്‍പ്രദേശിലെ കര്‍ഹാല്‍ മണ്ഡലത്തില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ രാഷ്ട്രീയ വിവാദം കത്തുന്നു. യുവതിയോട് ബിജെപിക്കെതിരെ വോട്ട് ചെയ്യണമെന്ന് സമാജ്‌വാദി പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഇതിന്റെ പിന്നാലെയാണ് യുവതിയെ കാണാതായതെന്നും കുടുംബം ആരോപിക്കുന്നു. 23കാരിയോട് ആര്‍ക്കാണ് വോട്ട് ചെയ്യുകയെന്ന് ചോദിച്ചപ്പോള്‍ താമരയടയാളത്തിലെന്ന് മറുപടി പറഞ്ഞെന്നും കുടുംബം പറയുന്നു. ബിജെപിക്കല്ല എസ്പിക്ക് വോട്ട് ചെയ്യണമെന്ന് പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടതായും കുടുംബം.
സംഭവവുമായി ബന്ധപ്പെട്ട പിതാവിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പ്രശാന്ത് യാദവിനെയും മോഹന്‍ കതാരിയെയുമാണ് കസ്റ്റഡിയിലെടുത്തത്. എസ്പി പ്രവര്‍ത്തകര്‍ തന്നെയാണ് മകളുടെ കൊലപാതകത്തിനു പിന്നിലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. പ്രശാന്ത് യാദവാണ് മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ് വീട്ടില്‍ വന്ന് എസ്പിക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്ന് യുവതിയുടെ പിതാവ് പറയുന്നു. ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ , ബിജെപിക്ക് ആണ് വോട്ടെന്നും പിഎം ആവാസ് യോജന വഴിയാണ് കുടുംബത്തിനു വീട് ലഭിച്ചതെന്നും മകള്‍ മറുപടി പറഞ്ഞതായി പിതാവ് പറയുന്നു. യുവതിയുടെ കൊലപാതകം ബിജെപി രാഷ്ട്രീയവിഷയമാക്കി ഏറ്റെടുത്തു കഴിഞ്ഞു. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്നും കര്‍ഹല്‍ സ്ഥാനാര്‍ഥി തേജ് പ്രതാപ് യാദവ് പറഞ്ഞു.
അതേസമയം സമാജ‌്‌വാദി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബിജെപിയുടെ അജന്‍ഡയാണിതെന്നാണ് എസ്പി പ്രതികരിച്ചത്. പരാജയപ്പെടുമെന്ന ഭീതിയിലാണ് എസ്പി നീചമായ പ്രവൃത്തിയിലേക്ക് നീങ്ങുന്നതെന്ന് ബിജെപി തിരിച്ചടിച്ചു.