പാലക്കാട്ടെ തിരിച്ചടിക്ക് പിന്നാലെ ബിജെപിയിൽ അസ്വസ്ഥത പുകയുന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി പാർട്ടിയിലെ ഒരു വിഭാഗം അരയുംതലയും മുറുക്കി ഇറങ്ങിക്കഴിഞ്ഞു. ശോഭാ സുരേന്ദ്രനെ വിളിക്കൂ ബിജെപിയെ രക്ഷിക്കൂവെന്ന മുറവിളിയും ശക്തമാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന നേതൃയോഗം ഏറ്റുമുട്ടലിന് വേദിയാകും. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് കനത്ത പ്രഹരമാണ് പാർട്ടി നേരിടേണ്ടിവന്നത്. സംസ്ഥാന അധ്യക്ഷൻ നേരിട്ട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച മണ്ഡലത്തിലെ തോൽവി ഏറെ ഗൗരവത്തോടെ കാണണമെന്നാണ് പാർട്ടിയിലെ ആവശ്യം. 

2021ലെ പ്രകടനം ആവർത്തിക്കാനായില്ല. ശക്തികേന്ദ്രമായ നഗരമേഖലയിൽ തിരിച്ചടി. മൂന്നാംസ്ഥാനത്തുള്ള എൽഡിഎഫുമായി കാര്യമായ അകലമില്ല. ബിജെപി ജയിക്കാതിരിക്കാൻ എതിരാളികൾ വോട്ടുമറിച്ചുവെന്ന പതിവ് വാദം വിലപ്പോകില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ജയസാധ്യതയുള്ളവരെ തഴഞ്ഞതും സി കൃഷ്ണകുമാറിനോടുള്ള പ്രാദേശിക അതൃപ്തി കണ്ടില്ലെന്നു നടിച്ചതും നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നു. സന്ദീപ് വാര്യരെ നിസ്സാരവൽക്കരിച്ച സമീപനം ശരിയായില്ലെന്ന വിലയിരുത്തലുമുണ്ട്. ഭിന്നതകൾ മറന്ന് ശോഭ സുരേന്ദ്രൻ അടക്കം സഹകരിച്ചതും സുരേന്ദ്ര വിരുദ്ധ പക്ഷം ഉയർത്തിക്കാട്ടുന്നു. സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുണ്ടായ പാലക്കാട്ടെ തോൽവി കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യത്തിന് കരുത്തു പകരുന്നു. ഇങ്ങിനെ പോയാൽ പോര; നിയമ സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടപടികൾ വേണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ മേജർ രവി മനോരമ ന്യൂസിനോട് ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന നേതൃത്വത്തിനെതിരെ സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വിമർശന പ്രവാഹമാണ്. പാലക്കാട് ബിജെപിയെ നശിപ്പിച്ച സി കൃഷ്ണകുമാർ പന്തളത്തും പാർട്ടിയെ നശിപ്പിക്കുന്നുവെന്ന് ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ അധ്യക്ഷയുടെ ഭർത്താവ് കുറ്റപ്പെടുത്തുന്നു. ചേലക്കരയിൽ പതിനായിരത്തോളം വോട്ടുകൂടിയതിന്റെ പേരുപറഞ്ഞ് നേതൃത്വത്തിന്റെ വീഴ്ച്ച മറയ്ക്കാൻ കഴിയില്ലെന്നും വിമതപക്ഷം വാദിക്കുന്നു.

ENGLISH SUMMARY:

After the Palakkad election, the BJP is feeling unsettled. A section of the party has come forward demanding the replacement of state president K Surendran.