മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുമെന്ന നാനാ പഠോളയുടെ പരാമർശത്തെ ചൊല്ലി മഹാവികാസ് അഘാഡിയിൽ വാക്പോര്. നേതൃപദവിയിൽ ഭിന്നസ്വരം ഉയർത്തിയ ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവുത്തിന്റെ നിലപാടാണ് ചർച്ചയായത്.   ജാർഖണ്ഡിൽ ജെഎംഎം ജയിച്ചാൽ ഹേമന്ത് സോറൻ തന്നെയാകും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുക. 

നാളെ ഫലം വരും മുൻപേ മുഖ്യമന്ത്രി പദത്തെ ചൊല്ലിയാണ് പ്രതിപക്ഷമായ മഹാവികാസ് അഘാഡിയിൽ ചർച്ച. മുഖ്യമന്ത്രി സ്ഥാനാർഥിയെ മുന്നോട്ട് വെയ്ക്കാതെ ആയിരുന്നു മഹാരാഷ്ട്രയിൽ മുന്നണിയുടെ പ്രചാരണം. എന്നാൽ ഭൂരിപക്ഷം കിട്ടിയാൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വരുമെന്ന് സംസ്ഥാന അധ്യക്ഷൻ നാനാ പഠോളയുടെ പ്രതികരിച്ചതോടെ ചർച്ചയുടെ ഗതിമാറി.

സംസ്ഥാന നേതൃത്വമല്ല ഉത്തരവാദിത്തപ്പെട്ട ഹൈക്കമാൻഡ് ആണ് ഇത്തരം കാര്യങ്ങളിൽ നിലപാട് എടുക്കേണ്ടതെന്ന് ശിവസേന ഉദ്ധവ് പക്ഷത്തെ സഞ്ജയ് റാവുത്ത് തിരിച്ചടിച്ചു. മുഖ്യമന്ത്രി പദവിയിലേക്ക് ഉദ്ധവ് താക്കറെയുടെ പേര് സജീവമാക്കി നിലനിർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തം. 

സംസ്ഥാനത്ത് 30 വർഷത്തിനിടെയുള്ള റെക്കോർഡ് പോളിങ്ങ് നടന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം. ജാർഖണ്ഡിലേക്ക് വന്നാൽ ഉയര്‍ന്ന പോളിങ് ശതമാനത്തിൽ തന്നെയാണ്  മുന്നണികള്‍ക്ക് പ്രതീക്ഷ. ജെ.എം.എം. സഖ്യം വിജയിച്ചാല്‍ ഹേമന്ത് സോറന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി. 

Also Read; വയനാട് പോളിങ്ങിലെ ഇടിവ്; 5 ലക്ഷം ഭൂരിപക്ഷം പ്രതീക്ഷിച്ച യുഡിഎഫിന്‍റെ ആശങ്കയും പ്രതീക്ഷയും

ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് തിരഞ്ഞെടുപ്പിനിറങ്ങിയത്. ജയിച്ചാല്‍ ചംപയ് സോറന്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിച്ചേക്കാം.

ENGLISH SUMMARY:

In Maharashtra, Nana Patole's statement about a Congress-led government coming to power has sparked a war of words within the Maha Vikas Aghadi. The position taken by Shiv Sena (Uddhav faction) leader Sanjay Raut, who expressed dissent regarding leadership, has become a topic of discussion. Meanwhile, in Jharkhand, it is anticipated that if the JMM secures victory, Hemant Soren will retain the Chief Minister's position.